ശബരിമല വിഷയത്തില്‍ സമവായ ശ്രമവുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്: 16ന് തിരുവനന്തപുരത്ത്‌ ചര്‍ച്ച

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല വിഷയത്തില്‍ സമവായ ശ്രമവുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മറ്റെന്നാള്‍ തിരുവനന്തപുരത്ത് ചര്‍ച്ചവിളിച്ചു. മണ്ഡല മകരവിളക്ക് ഉത്സവം നല്ല രീതിയില്‍ നടത്തുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.
16 ാം തീയതി രാവിലെ 10 മണിക്കാണ് ചര്‍ച്ച. പ്രശ്നങ്ങള്‍ ന്യായമായി പരിഹരിക്കണം. രാഷ് ട്രീയപ്രശ്നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ല. അത് ഭക്തരും ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു. മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്.
തന്ത്രികുടുംബം പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.
അതേസമയം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോട് നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും. നാളെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച്.
എന്‍ഡിഎ ചെയര്‍മാന്‍ പി.എസ്.ശ്രീധരന്‍ പിള്ള നയിക്കുന്ന ജാഥയില്‍ ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതേസമയം അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോര്‍ഡ് ജംഗഷനില്‍ സമാപിക്കും. പ്രവീണ്‍ തൊഗാഡിയ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

pathram:
Leave a Comment