റഫാല്‍ യുദ്ധവിമാന നിര്‍മാണം: മോദിക്കു കുരുക്കായി പുതിയ വെളിപ്പെടുത്തല്‍; പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയിലൂടെ

ഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായിരുന്നെന്നു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തി. ഫ്രഞ്ച് മാധ്യമമായ ‘മീഡിയപാര്‍ട്ട്’ ആണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. റഫാല്‍ വിമാന നിര്‍മാണക്കമ്പനിയായ ഡാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ചാണു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു വിവരം പുറത്തായത്. 58,000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണു ഫ്രാന്‍സുമായി ഇന്ത്യ കരാറൊപ്പിട്ടത്.
റഫാല്‍ ഇടപാടു ലഭിക്കണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യന്‍ പങ്കാളിയായി പരിഗണിക്കണമെന്നതു ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായി ഉള്‍പ്പെടുത്തിയിരുന്നു എന്നാണു മീഡിയപാര്‍ട്ട് പറയുന്നത്. റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണു വെളിപ്പെടുത്തലുണ്ടായത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെയാണു റഫാല്‍ ചൂടുപിടിച്ചത്. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു ഒലോന്‍ദിന്റെ വെളിപ്പെടുത്തല്‍. ബിജെപിക്കെതിരായ മുഖ്യപ്രചാരണായുധമായി റഫാലിനെ മാറ്റിയ കോണ്‍ഗ്രസ്, പ്രധാനമന്ത്രി മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും സംശയനിഴലിലാക്കുകയും ചെയ്തു.റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയന്‍സ് പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മിലാണു കരാറുണ്ടാക്കിയിട്ടുള്ളത്. 36 റഫാല്‍ വിമാനങ്ങളാണു പൂര്‍ണമായി നിര്‍മിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയ്ക്കു നല്‍കുന്നത് എന്നതിനാല്‍ അത്രയും വിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സിനെയോ (എച്ച്എഎല്‍) മറ്റേതെങ്കിലും കമ്പനിയേയോ ചുമതലപ്പെടുത്തേണ്ട കാര്യമില്ല.126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനം നിര്‍മിക്കുന്നതിനായിരുന്നു എച്ച്എഎല്‍ പരിഗണിക്കപ്പെട്ടിരുന്നത്. അതു സംബന്ധിച്ച കരാര്‍ ആയിട്ടില്ല. കരാര്‍ പ്രകാരമുള്ള കയറ്റുമതി ബാധ്യത നിറവേറ്റാനാണ് റിലയന്‍സുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളത്.
വിദേശ കമ്പനിയാണ് അവയുടെ ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. പ്രതിരോധ വകുപ്പിന് ഇതില്‍ യാതൊരു പങ്കുമില്ല. ആയുധ ഇടപാടുകളുടെ നടപടിക്രമത്തില്‍ 2005 ല്‍ ആണ് കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ ആദ്യമായി ഉള്‍പ്പെടുത്തിയത്. അതിന്‍പ്രകാരം വിദേശ കമ്പനിക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. കയറ്റുമതി ബാധ്യത നിറവേറ്റാന്‍ എച്ച്എഎല്‍, ബിഇഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ അടക്കം നൂറോളം ഇന്ത്യ!ന്‍ കമ്പനികള്‍ക്കാണു കരാര്‍ ലഭിക്കുകയെന്നും റിലയന്‍സ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment