ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം; ചുഴലിക്കാറ്റിന് സാധ്യത; കനത്തജാഗ്രതാ നിര്‍ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക് ടോബര്‍ അഞ്ചിനകം തിരിച്ചെത്തണം. മറ്റെന്നാള്‍ മുതല്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം.

മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും.
ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതുള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും ജില്ലാകലക്ടര്‍മാര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

അറബിക്കടലിനു തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചു.

ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5നു മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 4നു ശേഷം ആരും കടലില്‍ പോകരുത്. തീരദേശത്താകെ ഈ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും മൂലം കേരളത്തില്‍ പലയിടങ്ങളിലും ശക്തവും അതിശക്തവും അതിതീവ്രവുമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 7ന് മധ്യകേരളത്തില്‍ (ഇടുക്കി, പാലക്കാട്, തൃശൂര്‍) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്രമഴയാണു പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അഞ്ചോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതോടെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കലക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം അനുസരിക്കാന്‍ തയാറാകണം. ഇത്തരം സ്ഥലങ്ങളില്‍ അഞ്ചാം തീയതിയോടെ ക്യാംപുകള്‍ തയാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാനുളള നിര്‍ദേശങ്ങള്‍ നല്‍കാം.

രാത്രികാലത്ത് മലയോര മേഖലകളിലൂടെയുളള സഞ്ചാരം പരമാവധി ഒഴിവാക്കണം. ഒക്ടോബര്‍ 5-നു ശേഷം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം.

വെള്ളപ്പൊക്കമുണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരത്തുളളവര്‍ ആവശ്യമെന്നു കണ്ടാല്‍ ക്യാംപുകളിലേക്ക് മാറേണ്ടതാണ്. ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനുളള സാധ്യതയും വൈദ്യുതി ലൈനുകള്‍ തകരാറിലാവാനുളള സാധ്യതയും ഉണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തുകയും രാത്രികാലങ്ങളിലെ യാത്ര നിയന്ത്രിക്കുകയും വേണം.

പ്രളയബാധിത പ്രദേശങ്ങളില്‍ പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുന്നതാണ്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പൂര്‍ണമായും വാസയോഗ്യമായിട്ടില്ല. അതിനാല്‍ മുമ്പ് ക്യാംപുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ക്യാംപുകള്‍ ആരംഭിക്കുകയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടു.

എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

pathram:
Leave a Comment