സാലറി ചാലഞ്ചില്‍ വിസമ്മതിച്ചവരോട് പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു; 14 പൊലീസുകാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരെ സ്ഥലംമാറ്റി. ഒന്‍പത് ഹവീല്‍ദാര്‍മാര്‍ അടക്കം ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 14 പേരെയാണു മലപ്പുറത്തെ ദ്രുതകര്‍മ സേനയിലേക്കു മാറ്റിയത്. എസ്എപി ക്യാംപില്‍ നിന്നു മാത്രം മുന്നൂറിലേറെപ്പേര്‍ വിസമ്മതപത്രം നല്‍കിയതിലെ പ്രതികാരനടപടിയാണ് ഇതെന്ന് ഒരു വിഭാഗം പൊലീസുകാര്‍ ആരോപിക്കുന്നു.

എന്നാല്‍, ഏറ്റവും ജൂനിയറായവരെ തിരഞ്ഞെടുത്തുള്ള പതിവു സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. സാലറി ചാലഞ്ചിനോടു നോ പറഞ്ഞ അഞ്ച് സിവില്‍ പൊലീസ് ഓഫിസര്‍മാരെയും സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എസ്എപി ക്യാംപില്‍ നിന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ച തോതില്‍ അനുകൂലപ്രതികരണമല്ല സാലറി ചാലഞ്ചിനോടുണ്ടായത്. ഇവിടുത്തെ 700 പൊലീസുകാരില്‍ മുന്നൂറോളം പേരും ശമ്പളം നല്‍കാന്‍ വിസമ്മതിച്ചു. ഇതിനാല്‍ പ്രതികാരനടപടിയുടെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്നാണ് യുഡിഎഫ് അനുകൂല സംഘടനകള്‍ ആരോപിക്കുന്നത്.

pathram:
Leave a Comment