ഭര്‍ത്താവിന്റെ നാവ് ചുംബിക്കുന്നതിനിടെ കടിച്ചു മുറിച്ചു; സംസാരശേഷി നഷ്ടമായി; എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാകുമെന്ന് കരുതിയില്ല. വഴക്കിനിടെ ഭാര്യയുടെ ദേഷ്യം തീര്‍ക്കാന്‍ ചുംബിച്ച ഭര്‍ത്താവിന്റെ നാവ് ഭാര്യ കടിച്ചു മുറിച്ചു. നാവില്‍ ഭാര്യയുടെ കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡല്‍ഹിക്കടുത്ത്‌ റന്‍ഹോളയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 22കാരനായ കരണ്‍ എന്ന യുവാവിന്റെ നാവ് എട്ടു മാസം ഗര്‍ഭിണിയായ ഭാര്യ കടിച്ചുമുറിക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാവാറുണ്ട്. തന്റെ ഭര്‍ത്താവിന് സൗന്ദര്യമില്ല എന്ന പരാതിയാണ് മിക്കപ്പോഴും വഴക്കുകള്‍ ഉണ്ടാകാന്‍ കാരണമാകാറുള്ളത്. സമാനമായ രീതിയില്‍ ശനിയാഴ്ച രാത്രിയും വഴക്കുണ്ടായി. ഭാര്യയെ അനുനയിപ്പിക്കുന്നതിനായി കരണ്‍ ചുംബിച്ചതോടെ യുവതി ഭര്‍ത്താവിന്റെ നാവ് പകുതിയോളം കടിച്ചുമുറിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അര്‍ധരാത്രിയോടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ കണ്ടത് വായില്‍ നിന്ന് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കരണിനെയാണ്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സഫ്ദര്‍ജങ്ക് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കരണിന്റെ ഭാര്യ കാജലിനെതിരെ പോലീസ് ക്രിമിനല്‍ നിയമം 326 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്. ഇരുപത്തിരണ്ടുകാരിയായ കാജലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2016 ലാണ് കരണും കാജലും വിവാഹിതരായത്.

pathram:
Related Post
Leave a Comment