‘അവളെന്റെ മിടുക്കില്‍ സംതൃപ്തയായി എന്നത് നിങ്ങളുടെ തോന്നല്‍ മാത്രം’ കന്യാസ്ത്രീ 12 തവണയും എതിര്‍ക്കാതിരുന്നത് എന്താണെന്ന് ചോദിക്കുന്നവര്‍ക്ക് ശാരദക്കുട്ടിയുടെ മറുപടി

കന്യാസ്ത്രീ ആദ്യം പീഡനത്തിനിരയായപ്പോള്‍ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. അങ്ങനെ ചോദിക്കുന്നവര്‍ ഈ ചോദ്യത്തിന് കൂടി ഉത്തരം നല്‍കണമെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

കുടുംബ ജീവിതം നയിക്കുന്ന ഭാര്യാ സ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്? എന്ന് ശാരദക്കുട്ടി തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. നിവൃത്തികേടിന്റെ ആള്‍രൂപങ്ങള്‍ വീടുകളിലുമുണ്ടെന്നും കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാര്‍ട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെയാണെന്നും അവര്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിര്‍ക്കാഞ്ഞതെന്താ എന്നൊക്കെ വരുന്ന ചോദ്യങ്ങള്‍ക്ക് ഒറ്റ മറു ചോദ്യമേ ചോദിക്കാനുള്ളു. ഭാര്യാസ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്?

നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആള്‍രൂപങ്ങള്‍ കന്യാസ്ത്രീ മഠത്തില്‍ മാത്രമല്ല,നിങ്ങളുടെ വീടുകളിലും ഉണ്ടാകും. അവരൊന്നും എന്താ ഒന്നും പുറത്തു പറയാതെ സഹിക്കുന്നത്? ഒന്നോ രണ്ടോ മുപ്പതോ കൊല്ലം കഴിഞ്ഞാലും പുറത്തു പറയാത്തതെന്താണ്? എന്തിനാ നിശ്ശബ്ദം സഹിക്കുന്നത്? പുറത്തു പറഞ്ഞു കൂടെ? ഇവിടെ നിയമമില്ലേ? പോലീസില്ലേ?

അധികാരത്തിനു കീഴ്പ്പെട്ടു നില്‍ക്കേണ്ടി വരുന്ന ഏതു വ്യവസ്ഥിതിയിലും ഉള്ളതൊക്കെയേ കന്യാസ്ത്രീ മഠത്തിലുമുള്ളു. കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാര്‍ട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ. ഇലകള്‍ കൂട്ടിത്തൊടാതെ നാം നട്ട വൃക്ഷങ്ങള്‍ വേരുകള്‍ കൊണ്ടു കെട്ടിപ്പിടിക്കുന്നു എന്ന് വീരാന്‍ കുട്ടി എഴുതിയത് സത്യമാണ്.

‘അവളെന്റെ മിടുക്കില്‍ സംതൃപ്തയായി കഴിയുന്നു’വെന്നത് ഒന്നുമറിയാത്ത നിങ്ങളുടെ ഒരു തോന്നല്‍ മാത്രമായിരിക്കാം. സഹികെടുമ്പോഴാണവള്‍ വിരല്‍ ചൂണ്ടുക. എന്താ ഇത്ര കാലം മിണ്ടാഞ്ഞതെന്ന ചോദ്യത്തിന് അത്രയേ അര്‍ഥമുള്ളു.

ഇത് ഞാനൊരു ലേഖനത്തിലെഴുതിയതിന് മലയാളത്തിലെ ഒരെഴുത്തുകാരന്‍, അതയാളെ കുറിച്ചാണെഴുതിയതെന്നു പറഞ്ഞ് എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കുറെ തവണ ഞാന്‍ കോടതി കയറിയിറങ്ങി. സത്യത്തില്‍ അയാളുടെ വീടോ വീട്ടുകാരെയോ വീട്ടു പ്രശ്ങ്ങളോ ഒന്നും തന്നെ എനിക്കറിയില്ലായിരുന്നു. അയാള്‍ അവകാശപ്പെട്ടു അതയാളാണെന്ന്. കുറച്ചു കാശു പോയതു മിച്ചം.

ട. ശാരദക്കുട്ടി
22.9. 2018

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment