പരീക്ഷണ പറക്കല്‍ വിജയം; കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം ഇറങ്ങി, ഉദ്ഘാട തീയതി ഉടന്‍ പ്രഖ്യാപിക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനം ഇറങ്ങി. 200 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാന്‍ഡിങ്. നവംബറോടെ വിമാനത്താവളം പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇതോടെ പൂര്‍ത്തിയാകും. വലിയ യാത്രാ വിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം യോഗം ചേര്‍ന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.

നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് ദിവസത്തെ പരിശോധന പൂര്‍ത്തിയാക്കി വിദഗ്ധ സംഘം ബുധനാഴ്ച വൈകീട്ടോടെയാണ് മടങ്ങിയത്. റണ്‍വേയില്‍ യാത്രാ വിമാനമിറക്കിയുള്ള പരിശോധനയാണ് ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഡല്‍ഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് ഡി.ജി.സി.എ. സംഘം പരിശോധനാ റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് പരിഗണിച്ച് ഈ മാസം തന്നെ കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ ആദ്യം മുതല്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാനും സാധിച്ചേക്കും.

pathram desk 1:
Leave a Comment