ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി; സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് യോജിച്ച നടപടിയല്ല

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഇത് നിര്‍ബന്ധപൂര്‍വമായ പിരിവാണെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്.

ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റാണ്. ശമ്പളം നിര്‍ബന്ധിതമായി പിടിക്കാനുള്ള ശ്രമം പിടിച്ചുപറിയാണെന്നും സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വം ബോര്‍ഡിന് യോജിച്ച നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ശമ്പളം പിടിക്കുമെന്ന് കാണിച്ചിറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതേ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ദേവസ്വംബോര്‍ഡ് കോടതിയെ അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നുവെന്ന ജീവനക്കാരുടെ ആക്ഷേപം ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

pathram:
Leave a Comment