നമ്പി നാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സുഹൃത്തുക്കളേ…; പ്രതികരണവുമായി മഅ്ദനി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം ജയിലില്‍ കിടന്ന മഅ്ദനിക്ക് എന്ത് കൊണ്ട് നമ്പി നാരായണന് ലഭിച്ചത് പോലെ നീതി ലഭിച്ചില്ല എന്ന ചോദ്യത്തിന് ഫേസ്ബുക്കിലൂടെ ഉത്തരം നല്‍കിയിരിക്കുകയാണ് മഅ്ദനി. ‘വ്യത്യാസം’ എന്ന് പറഞ്ഞ തലക്കെട്ടില്‍ തുടങ്ങിയ പോസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ചര്‍ച്ചകള്‍ക്ക് നേരിട്ട് തന്നെ പ്രതികരിക്കുകയാണ് മഅ്ദനി.

‘ഇന്ന് രാവിലെ മുതല്‍ പലരും ചോദിക്കുന്നു, നമ്പിനാരായണനെ ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെ ആരോപിച്ചു പീഡിപ്പിച്ചതിനു നഷ്ടപരിഹാരവും സുപ്രിംകോര്‍ട്ട് മുന്‍ജഡ്ജിയെകൊണ്ടുള്ള അന്വഷണവുമൊക്കെ വിധിച്ചിരിക്കുന്നുവല്ലോ. താങ്കളേയും തീവ്രവാദവും രാജ്യദ്രോഹവുമൊക്കെ ആരോപിച്ചു ഒമ്പതര വര്‍ഷം ജയിലിലടച്ച ശേഷം നിരപരാധി ആണെന്ന് പ്രഖ്യാപിച്ചു പ്രത്യേക കോടതി വിട്ടയക്കുകയും പ്രസ്തുത വിധി മദ്രാസ് ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെക്കുകയും ചെയ്തതല്ലേ, വീണ്ടും മറ്റൊരു സംസ്ഥാനത്തു മറ്റൊരു കേസില്‍ കുടുക്കിയിട്ടു ഇന്നുവരെ തെളിവിന്റെ ഒരംശം പോലും ഹാജരാക്കുന്നതില്‍ പ്രോസിക്കുഷന്‍ പരാജയപ്പെട്ടിരിക്കുകയല്ലേ?എന്നിട്ടും എന്താണിങ്ങനെയെന്നു. അവരോടു വിനയപൂര്‍വ്വം പറയുന്നു ‘നമ്പിനാരായണന്റെ പേരും രൂപവും മഅ്ദനിയുടെ പേരും രൂപവും വ്യത്യസ്തമാണ് സഹോദരന്മാരെ’; മഅ്ദനി പറയുന്നു.

മഅ്ദനിയുടെ പോസ്റ്റിനെ പിന്തുണച്ചും അനുഭാവം പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്റുകളിലൂടെ പ്രതികരിക്കുന്നത്. മാലേഗാവ്, ഹൂബ്ലി, കോയമ്പത്തൂര്‍ കേസുകളില്‍ അടക്കം പതിറ്റാണ്ടുകളോളം അകാരണമായി ജയിലില്‍ കിടന്ന മുസ്ലിം യുവാക്കള്‍ക്ക് നിരപരാധിത്വം തെളിയിച്ചു പുറത്ത് വന്നപ്പോള്‍ ഒരു നഷ്ട പരിഹാരവും കിട്ടിയില്ല എന്ന കാര്യവും ഉയര്‍ത്തുന്നുണ്ട് കമന്റ്റുകളില്‍. മുസ്‌ലിം വിഷയങ്ങളില്‍ മാത്രം അനുഭവിക്കുന്ന ഇരട്ട നീതിയെ ചോദ്യം ചെയ്യുന്നതാണ് മിക്ക കമന്റ്റുകളും.

1998ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിലെ ജയിലില്‍ കഴിഞ്ഞ മഅദനിയെ ആ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി 2007 ഓഗസ്റ്റ് ഒന്നിന് വെറുതേ വിട്ടിരുന്നു.

pathram:
Leave a Comment