‘പുരുഷു എന്നെ അനുഗ്രഹിക്കണം’ കിടിലന്‍ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്

ഒട്ടുമിക്ക ചിത്രങ്ങള്‍ക്ക് പിന്നിലും രസകരമായ അണിയറ കഥകളുമുണ്ടാകും. ചിലപ്പോള്‍ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴായിരിക്കും അത് പുറത്ത് വരുന്നത്. ചില ഡയലോഗുകള്‍ തിരക്കഥയില്‍ ഇല്ലാത്തവയാകും. അഭിനേതാവ് സ്വന്തം കൈയ്യില്‍ നിന്നിട്ടതാകാം. മീശ മാധവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന് പിന്നിലും അത്തരത്തില്‍ ഒരു കഥയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് ലാല്‍ ജോസ് ഇതെക്കുറിച്ച് പറയുകയാണ്. ചിത്രം പുറത്തിറങ്ങി പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാധവനും ഭഗീരഥന്‍ പിള്ളയും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുന്നുണ്ട്.

‘തിരക്കഥയില്‍ അങ്ങനെയൊരു സംഭാഷണം ഉണ്ടായിരുന്നില്ല. ആ സീന്‍ അങ്ങനെ ആയിരുന്നില്ല ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ജഗതി ശ്രീകുമാര്‍ (ഭഗീരഥന്‍ പിള്ള) കാമുകിയെ കാണാന്‍ വീടിനുള്ളിലേക്ക് കയറുന്നു. മാധവന്‍ പുരുഷുവിന് ഭഗീരഥന്‍ പിള്ളയെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അതായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. വേലി ചാടി ഭഗീരഥന്‍ പിള്ള വീട്ടില്‍ എത്തുന്നു. പട്ടിക്കുരയ്ക്കുന്നുണ്ട്. വരാന്തയിലേക്കു കേറുമ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടന്‍ പറഞ്ഞു.

ആ ഷോട്ട് എടുക്കാന്‍ നേരത്ത് ജഗതി ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിലെ തമാശയാണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അതു കണ്ടപ്പോള്‍ ആ സീന്‍ കുറച്ചുകൂടി ഡവലപ്പ് ചെയ്യണമെന്ന് എനിക്ക് തോന്നി.

അമ്പിളി ചേട്ടനെ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു നല്ല ഡയലോഗിന് സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഉണ്ടായ ചര്‍ച്ചയില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ ഇനി കൂടുതല്‍ ഒന്നും പറയാനില്ല.

നല്ല അഭിനേതാക്കള്‍ അഭിനയത്തിനപ്പുറം സിനിമയ്ക്ക് അവരുടേതായ പല സംഭാവനകളും നല്‍കാറുണ്ട് അതൊക്കെ സിനിമക്ക് ഗുണം ചെയ്യാറുണ്ട്’ ലാല്‍ ജോസ് പറഞ്ഞു.

pathram desk 1:
Leave a Comment