നാല് സെന്റ് ഭൂമി ദുരിതാശ്വസ നിധിയിലേക്ക് നല്‍കി പ്രവാസി മലയാളി

മസ്‌കറ്റ്: പ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി മലയാളിയും. നാല് സെന്റ് സ്ഥലം സംഭാവന നല്‍കിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവ് മാതൃകയായത്. ഭാര്യ രേഖയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച നാല് സെന്റ് സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കാബൂറയിലെ രാജീവിന്റെ തൊഴില്‍ സ്ഥലത്ത് നടന്ന ചടങ്ങില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കണ്‍വീനറുമായ പി.എം. ജാബിര്‍ സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം സ്വീകരിച്ചു.

കാബൂറയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുന്ന രാജീവ് 25 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികമായി വലിയ പിന്തുണ നല്‍കാന്‍ തനിക്കും കുടുംബത്തിനും സാധിക്കില്ലെങ്കിലും തന്നാല്‍ ആവുന്നത് ചെയ്യുകയാണെന്നും രാജീവ് പറഞ്ഞു.

പത്ത് ലക്ഷത്തിന് മുകളില്‍ വില ലഭിക്കുന്ന ഭൂമിയാണ് രാജീവും കുടുംബവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. കുടുംബത്തില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ വലിയ പിന്തുണ ലഭിച്ചതോടെ സ്ഥലം സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഏറെ സന്തോഷമുള്ള നിമിഷങ്ങളാണ് ഇതെന്നും താനും കുടുംബവും കേരളത്തില്‍ ദുരിതത്തില്‍ അകപ്പെട്ടവരുടെ ദുഖത്തില്‍ പങ്കാളികളാവുകയാണെന്നും രാജീവ് പറഞ്ഞു.11 വയസ്സുള്ള ആദി വിനായകന്‍, മൂന്നര വയസ്സുകാരി ആദി ലക്ഷ്മി എന്നവര്‍ രാജീവ് രേഖ ദമ്പതികളുടെ മക്കളാണ്.

pathram:
Related Post
Leave a Comment