തൃശൂര്‍: ഇടതു സഹയാത്രികനായ നിര്‍വ്വാഹകസമിതിയംഗത്തിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ചോദ്യം ചെയ്ത പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിര്‍വ്വാഹക സമിതിയില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി. ആഗസ്ത് 22ന് സാംസ്‌കാരിക വകുപ്പിന്റെ അസാധാരണ ഉത്തരവിലൂടെയാണ് പുറത്താക്കല്‍. നിര്‍വ്വാഹസമിതി അംഗത്തിനെതിരെയുള്ള ലൈംഗിക പീഡനവും കലാമണ്ഡലത്തിലെ സാമ്പത്തിക ക്രമക്കേടുകളും നിര്‍വ്വാഹകസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതാണ് സത്യഭാമയെ പുറത്താക്കാന്‍ കാരണം.
കഴിഞ്ഞ ഇടതു ഭരണ സമിതിയുടെ കാലത്തും കലാമണ്ഡലത്തിലെ നിര്‍ണ്ണായക പദവിയിലുണ്ടായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. അന്നും തുണയായത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധമായിരുന്നു. താത്കാലിക അധ്യാപകരായ ചിലരാണ് ഇടതു നേതാവായ നിര്‍വ്വാഹക സമിതിയംഗത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നതായും ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതായും നിരവധി അധ്യാപികമാര്‍ പരാതിപ്പെട്ടിട്ടുണ്ട്.
പരാതിപ്പെട്ടാല്‍ അടുത്ത വര്‍ഷം ജോലിയുണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തുകയാണെന്നും രേഖാമൂലം പരാതിപ്പെടാന്‍ ഭയമാണെന്നും ഇവര്‍ പറയുന്നു. കലാരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്നവരെയാണ് കല്പിത സര്‍വ്വകലാശാലയായ കലാമണ്ഡലം നിര്‍വ്വാഹകസമിതിയില്‍ ഉള്‍പ്പെടുത്തുക. മൂന്ന് വര്‍ഷമാണ് കാലാവധി. അതിനിടയില്‍ പുറത്താക്കുന്ന പതിവില്ല. കലാമണ്ഡലം സത്യഭാമയെ നിര്‍വ്വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയെന്നു കാണിച്ച് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് രജിസ്ട്രാര്‍ക്ക് നല്‍കുകയായിരുന്നു.
അധ്യാപികമാരുടെ പ്രശ്നം നിര്‍വ്വാഹക സമിതിയോഗത്തില്‍ സത്യഭാമ അവതരിപ്പിച്ചെങ്കിലും രേഖാമൂലം പരാതിയില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ച അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍.
Leave a Comment