പി.കെ ശശിക്കെതിരായ പീഡന പരാതി: കേന്ദ്രനേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം,നടപടി ആവശ്യപ്പെട്ട് യെച്ചൂരിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍. പരാതിയില്‍ സംഘടനാ നടപടി ആവശ്യപ്പെട്ട് വി.എസ് യെച്ചൂരിക്ക് കത്തയച്ചു.

സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ശശിക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവണം. കേന്ദ്രനേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വൃന്ദകാരാട്ട് വ്യക്തമാക്കി. ലൈംഗിക അതിക്രമ പരാതികളില്‍ വിട്ടുവീഴ്ചയില്ലന്ന് വൃന്ദ കാരാട്ട് പറഞ്ഞു. അന്വഷണം പെട്ടെന്ന് പൂര്‍ത്തായാക്കണമെന്ന വികാരമാണ് സംസ്ഥാന ഘടകത്തെ കേന്ദ്രനേതാക്കള്‍ അറിയിച്ചത്.കേസില്‍ ദേശീയ വനിതാകമ്മീഷനും നിലപാട് കര്‍ശനമാക്കുകയാണ്.

ഇതിനിടെ, പികെ ശശി എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം വ്യക്തമാക്കി. പരാതിയില്‍ സിപിഎമ്മിന്റെ ഭരണഘടനയ്ക്കും അന്തസിനും അനുസരിച്ചുള്ള നടപടിയുണ്ടാവുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോപണ വിധേയരെ എഴുന്നള്ളിച്ച് പൂമാലയിടുന്ന രീതിയല്ല സിപിഎമ്മിന്റേതെന്ന് പാര്‍ട്ടി വ്യക്തമാക്കി.

pathram desk 2:
Leave a Comment