കോഴിക്കോട്: എലിപ്പനി ബാധിച്ച് ഒമ്പത് മരണം കൂടി. സംസ്ഥാനത്ത് മൂന്നാഴ്ച അതീവജാഗ്രത പ്രഖ്യാപിച്ചു. സ്ഥിതി ഭീതജനകമല്ലെന്നും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രതിരോധത്തിന് അലോപ്പതി മരുന്ന് മാത്രമാണ് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. ചികില്‍സയ്ക്ക് താലൂക്ക് ആശുപത്രികള്‍ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിതച്ചേര്‍ത്തു.
മരുന്നില്ലെന്ന് പറഞ്ഞ് രോഗികളെ തിരിച്ചയക്കരുതെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവരെ 196 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ മരിച്ചത് 34 പേരാണ്. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.
മഹാപ്രളയത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എലിപ്പിനി ഭീതി പടരുന്നത്. 13 ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ സര്‍ക്കാര്‍ സൗജന്യമായി ഡോക്സിസൈക്കിളിന്‍ മരുന്നുകള്‍ ഇതിനായി ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയിരുന്നു.
പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി.അതേസമയം എലിപ്പനിയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കന്‍ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് കേസ്. ഡി.ജി.പിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി.വടക്കന്‍ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു.
Leave a Comment