മലപ്പുറം: വീടിനു പിറകില്‍ മണ്ണിടിഞ്ഞു വീണതിന് ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ. മണ്ണിടിച്ചിലില്‍ പോറല്‍പോലും ഏല്‍ക്കാത്ത വീടിനാണ് ലക്ഷങ്ങള്‍ ധനസഹായം നല്‍കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശ. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തിലാണ് സംഭവം.
ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ റവന്യു അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തു മണ്ണിടിഞ്ഞുവീണതിന് 3.47 ലക്ഷം രൂപയുടെ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ മന്ത്രി ഇ.പി. ജയരാജന്‍ അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് അന്വേഷണം തീരുമാനിച്ചത്.
പതിനായിരം രൂപയുടെ പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത വീടുകളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നും മണ്ണു നീക്കണമെന്നും കാണിച്ചാണ് എന്‍ജിനീയര്‍ ലക്ഷങ്ങളുടെ നഷ്ടക്കണക്ക് എഴുതിച്ചേര്‍ത്തത്. മണ്ണിടിച്ചിലില്‍ തകര്‍ന്ന മറ്റു വീടുകളില്‍ ഇതുവരെ പരിശോധനയ്‌ക്കെത്തിയില്ലെന്നും പരാതിയുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ പരിശോധിച്ചു നഷ്ടം കണക്കാക്കേണ്ടതു തദ്ദേശസ്ഥാപനങ്ങളിലെ അസി. എന്‍ജിനീയര്‍മാരാണ്. ഇവര്‍ റിപ്പോര്‍ട്ട് റവന്യു അധികൃതര്‍ക്കു കൈമാറും. പണം അനുവദിക്കുന്നതിനു മുന്‍പു നഷ്ടക്കണക്കു പരിശോധിക്കാന്‍ മറ്റൊരു പരിശോധന നടക്കുന്നില്ല. ഇതു ക്രമക്കേടിന് അവസരമൊരുക്കുന്നതായാണ് ആക്ഷേപം.
അതേസമയം, വഴിവിട്ട് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്തതില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. തെറ്റുകാരെ കര്‍ശനമായി നേരിടുമെന്നു മന്ത്രി വ്യക്തമാക്കി. വാര്‍ത്ത വിശ്വസിക്കുന്നുവെന്നും ഇപ്പോഴുള്ള ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. കലക്ടറുടെ അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.
പ്രളയക്കെടുതിയില്‍പ്പെട്ട പതിനായിരങ്ങള്‍ ആശ്വാസ ധനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
Leave a Comment