യാത്രക്കാരില്ലെങ്കില്‍ ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടില്ല!!! പുതിയ പരീക്ഷണവുമായി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ പുതിയ പരീക്ഷണവുമായി കോര്‍പറേഷന്‍. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം. തിരക്കുള്ളപ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുകയും യാത്രക്കാര്‍ കുറവുള്ളപ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യും.

രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രക്കാര്‍ കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ബസുകള്‍ ഓടിക്കും. കൂടുതല്‍ യാത്രക്കാരുള്ള പാതയില്‍ രണ്ടു ബസുകള്‍ക്കിടയ്ക്കുള്ള സമയദൈര്‍ഘ്യം കുറയ്ക്കും. തിരക്ക് കുറഞ്ഞ ഉച്ചസമയത്തെ ട്രിപ്പുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കൂട്ടും.

ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലഭിക്കാന്‍ വേണ്ടി മാത്രമാണ് ഉച്ചയ്ക്കുള്ള ട്രിപ്പുകള്‍ പലതും ഓടിച്ചിരുന്നത്. ബസ് ഓടുന്ന സമയം അടിസ്ഥാനമാക്കിയാണ് ജീവനക്കാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നത്. ഉച്ചയ്ക്കുള്ള ട്രിപ്പുകള്‍ റദ്ദാക്കുമ്പോള്‍ അതനുസരിച്ച് ഷെഡ്യൂള്‍ സമയം നീളും. അത്രയും നേരം ജീവനക്കാര്‍ തുടരേണ്ടി വരും. ഇതാണ് ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിന് കാരണമെന്ന് മാനേജ്മെന്റ് പറയുന്നു.

തിരക്ക് കുറഞ്ഞ സമയത്തെ ചില ബസുകള്‍ റദ്ദാക്കുന്നതുകൊണ്ട് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി പറഞ്ഞു. പകല്‍ 11-ന് ശേഷം ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്തെ ട്രിപ്പുകളില്‍ ഡീസല്‍ ചെലവിനുള്ള വരുമാനം പോലും ലഭിക്കാത്തവയുണ്ട്. അതിനാലാണ് വരുമാനമില്ലാത്ത 30 ശതമാനം ട്രിപ്പുകള്‍ നിര്‍ത്തിയത്.

ഇതനുസരിച്ച് ഓരോ ഡിപ്പോകള്‍ക്കും നല്‍കിയിരുന്ന ഡീസല്‍ അളവ് കുറച്ചു. ദിവസം മൂന്നരക്കോടി രൂപ ഡീസലിന് നല്‍കിയിരുന്നിടത്ത് 2.70 കോടി രൂപയായി ചെലവ് പരിമിതപ്പെടുത്താനായി. എന്നാല്‍, ആറരക്കോടി എന്ന ദിവസവരുമാനം അതേപടി നിലനിര്‍ത്താനും കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഓണശമ്പളം നല്‍കാന്‍ എണ്ണക്കമ്പനികള്‍ക്കുള്ള തിരിച്ചടവില്‍ ഒന്നരക്കോടി രൂപവീതം കുറവ് വരുത്തിയിരുന്നു. ഈ തുക തിരിച്ച് നല്‍കാനും തുടങ്ങി. മുന്‍ കുടിശ്ശികയടക്കം ദിവസം നാലുകോടി രൂപയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത്.

pathram desk 1:
Leave a Comment