തീരെ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ പേരില്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകളെല്ലാം വിമര്‍ശിക്കപ്പെടാറുണ്ട്. തമിഴിലും ഇതിന് വ്യത്യാസമില്ല. എന്നാല്‍ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. പ്രായം കലാകാരനേയോ കലയേയോ ബാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ അമ്മയായി അഭിനയിച്ചിട്ടുള്ള നടിയുടെ നായകനായി അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ഫല്‍ഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ ഞാന്‍ നായകനായപ്പോള്‍ എന്റെ നായികയ്ക്ക് മുപ്പത്തിയെട്ടായിരുന്നു പ്രായം. ആ സിനിമ അവരുടെ നൂറാമത്തെ സിനിമയോ മറ്റോ ആയിരുന്നു. മറ്റൊരു സത്യം ആ സിനിമയ്ക്ക് മുമ്പ് അതേ നടിയുടെ കുട്ടിയായി ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായം കലാകാരനെ അല്ലെങ്കില്‍ കലയെ ബാധിക്കണമെന്നുണ്ടോ’ അദ്ദേഹം പറഞ്ഞു.
അഞ്ച് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള തന്റെ സിനിമാജീവിതം അവസാനിപ്പിച്ച് ഇനി രാഷ്ട്രീയത്തിലിറങ്ങുകയാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകാനാവില്ലെന്നും അതിനാല്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ സിനിമ വിടുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്. നല്ല സിനിമകള്‍ക്കായി പുതിയ തലമുറ വരുമ്പോള്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും രാജ്കമല്‍ ഫിലിംസ് നല്‍കുമെന്നും കമലഹാസന്‍ പറഞ്ഞു.
Leave a Comment