കൊച്ചി: കേരളത്തിലുണ്ടായത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹര്‍ജിയായി പരിഗണിക്കുന്നത്. ഹര്‍ജി നാളെ കോടതി പഗിഗണിക്കും.
ചാലക്കുടി സ്വദേശിയായ ജോസഫാണ് കത്ത് നല്‍കിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. 450 ഓളം പേരുടെ മരണത്തിനിടയാക്കിയ ക്രിമിനല്‍ കുറ്റമാണിതെന്നും കത്തില്‍ പറയുന്നു.
ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണം.കത്ത് പൊതുതാല്‍പ്പര്യഹരജിയായി പരിഗണിക്കാന്‍ രജിസ്ട്രാര്‍ ജനറലിനോട് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് കത്തിലുള്ളത്. കൃത്യമായ ഡാം മാനേജ്മെന്റ് ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്നും കത്തില്‍ പറയുന്നു.
അതേസമയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്. പാലക്കാട്ടുളള 1600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും തുക കൈമാറുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു.
ദുരിതബാധിതരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറാന്‍ കലക്ടര്‍മാര്‍ക്ക് 242.73 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. നാലുലക്ഷത്തോളം പേര്‍ക്കാണ് അടിയന്തര ധനസഹായം ലഭിക്കുക. നിലവില്‍ 59,000ത്തിലേറെ പേരാണ് 305 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. വെളളം വറ്റിയെങ്കിലും വീടുകള്‍ ഇപ്പോഴും വാസയോഗ്യമല്ലാത്ത കാരണത്താലാണ് ഇവര്‍ ക്യാമ്പുകളില്‍ തന്നെ കഴിയുന്നത്.
അതേസമയം ലക്ഷകണക്കിന് ആളുകള്‍ തിരിച്ചുവീടുകളില്‍ എത്തികഴിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഇവരുടെ വിവരശേഖരണമാണ് പുരോഗമിക്കുന്നത്. ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മറ്റുളളവരുടെ വീടുകളില്‍ പോയി വിവരം ശേഖരിച്ചുമാണ് അടിയന്തരധനസഹായം നല്‍കുന്നത്.
Leave a Comment