ഉത്രാടപ്പാച്ചിലില്ല; ഓണവിപണിയും പ്രളയത്തില്‍ മുങ്ങി

ഇത്തവണത്തെ ഓണം വിപണിയും പ്രളയത്തില്‍ മുങ്ങി. ഉത്രാടപ്പാച്ചിലിനും പതിവുപോലെ ആവേശമില്ല. ഓണക്കമ്പോളവും തണുപ്പന്‍മട്ടിലാണെന്ന് കച്ചവടക്കാര്‍. മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ കിട്ടാനില്ല. ഉള്ളവയ്ക്ക് വില കൂടും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ് അല്‍പ്പമെങ്കിലും വിലക്കുറവുള്ളത്. അതിജീവനത്തിന്റെ പോരാട്ടത്തിനിടെ ദുരിതാശ്വാസ ക്യാമ്പിലാണ് പലരുടെയും ഓണം.
പ്രളയക്കെടുതിയെ തുടര്‍ന്നു ഭൂരിഭാഗം പേരും ഓണം ആഘോഷിക്കുന്നില്ലെന്നു തീരുമാനിച്ചതോടെ കച്ചവടക്കാര്‍ക്ക് ഇത്തവണ വറുതി ഓണമായി. പൂ വില്‍പ്പനയും നാമമാത്രമായാണ് നടന്നത്. പൂക്കളുമായി എത്തിയ ഇതര സംസ്ഥാന കച്ചവടക്കാരും പതിയെ കളമൊഴിയുകയാണ്. ദുരന്തത്തെ തുടര്‍ന്ന് ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കോര്‍പ്പറേഷനുകളും ചുരുക്കം രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷങ്ങള്‍ വേണ്ടെന്നുവച്ചു.
ദേശക്കുമ്മാട്ടികളും ജില്ലയില്‍ പലയിടത്തും ഉപേക്ഷിച്ചു. ചിലയിടത്ത് ചടങ്ങിന് മാത്രം നടത്താനും ധാരണയായി. പ്രശസ്തമായ പുലിക്കളിയും വേണ്ടെന്നുവച്ചു. മിക്കവാറും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്ന ഇവ ഉപേക്ഷിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക. വെല്ലുവിളി നേരിടുന്ന ഈ മേഖലയിലെ കലാകാരന്‍മാര്‍ക്കും ഇത് തിരിച്ചടിയാകും. ഓണക്കാലത്ത് സജീവമായി ലഭിക്കുന്ന വേദികള്‍ അവര്‍ക്ക് ലഭിക്കില്ല. അത്തം മുതല്‍ തന്നെ മഴക്കെടുതികള്‍ രൂക്ഷമായിരുന്നു. പ്രളയം ആരംഭിച്ചതോടെ പൂക്കളമിടുന്ന പതിവുപോലും ഇല്ലാതെയായി. സര്‍ക്കാര്‍ ഓണാഘോഷം ഉപേക്ഷിച്ചത് കലാസമിതികളും വാദ്യക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവരെ ബാധിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന സമൂഹസദ്യകളും വേണ്ടെന്ന തീരുമാനത്തിലാണ്.
ഓണം ആഘോഷിക്കുന്നില്ലെന്ന മനോഭാവമാണ് ഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്. ഇത് ഓണവിപണിയെ നിര്‍ജീവമാക്കി. സാധാരണ ദിവസത്തെ തിരക്ക് മാത്രമാണ് കടകളില്‍ അനുഭവപ്പെടുന്നത്. പച്ചക്കറി വില്‍പ്പനയിലും ഇടിവുണ്ടായി. ഓണത്തിന് പുതുവസ്ത്രം വാങ്ങാനും ആളുകള്‍ വളരെ കുറവായിരുന്നു.

pathram:
Leave a Comment