കേരളത്തിന് കൈത്താങ്ങുമായി കാപ്റ്റന്‍ എത്തി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കും

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത്. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവനയായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കൂടാതെ ഡിഎംഡികെ പാര്‍ട്ടി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാധന സാമഗ്രികള്‍ ഓഗസ്റ്റ് 24ന് കേരളത്തിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ വിജയകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു പ്രഖ്യാപനം.

തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ ഒരു കോടിയും നല്‍കി.

തമിഴ്‌നാട്ടിലെ വിവിധ സിനിമാ താരങ്ങളും ടെലിവിഷന്‍ ചാനലുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. ഉലകനായകന്‍ കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. സൂര്യയും കാര്‍ത്തിയും ചേര്‍ന്നും 25 ലക്ഷം തന്നെ നല്‍കി. കേരളത്തിലെത്തിയ കാര്‍ത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചെക്ക് കൈമാറി.

സൂപ്പര്‍സ്റ്റാര്‍ വിക്രം 35 ലക്ഷം രൂപ സംഭാവന നല്‍കിയപ്പോള്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി 25 ലക്ഷം രൂപയാണ് കേരളത്തിന് നല്‍കിയത്. ധനുഷ് 15 ലക്ഷവും സണ്‍ ടിവി ഒരു കോടിയും നല്‍കി. നയന്‍താര പത്തു ലക്ഷം രൂപ സംഭാവന നല്‍കിയപ്പോള്‍ പത്മപ്രിയ, രോഹിണി എന്നിവര്‍ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കൂടാതെ തകര്‍ന്നു പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്നും രോഹിണി അറിയിച്ചിരുന്നു.

pathram desk 2:
Leave a Comment