പ്രളയബാധിതരുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്

തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ച ആളുകളുടെ എം.ടി.എം വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. എടിഎം കാര്‍ഡ് ബ്ലോക്ക് ആയെന്നും എസ്.ബി.ഐയില്‍ നിന്നാണെന്നും വിളിച്ചറിയിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തുടര്‍ന്ന് എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിയും. വിവരങ്ങള്‍ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും ഇവര്‍ വ്യക്തമാക്കും.

എടിഎം ബ്ലോക്ക് ആയെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്ന ഉപഭോക്താവിനോട് അത് ശരിയാക്കാന്‍ എടിഎം കാര്‍ഡിന്റെ വിവരങ്ങളും ആധാര്‍ കാര്‍ഡ് വിവരങ്ങളും വേണമെന്ന് പറയുകയും രണ്ട് മിനിട്ടിനകം ബ്ലോക്ക് മാറ്റിത്തരാം എന്നും വ്യക്തമാക്കും. തുടര്‍ന്ന് നിങ്ങളുടെ മൊബൈലിലേക്ക് ഒരു മെസേജ് വരുമെന്നും കാര്‍ഡിന്റെ മുകളിലുള്ള 16 അക്ക നമ്പര്‍ പറയാനും ആ നമ്പര്‍ ക്രോസ് ചെക്ക് ചെയ്യാനാണെന്നും ഉപഭോക്താവിനെ ധരിപ്പിക്കും.

ഫോണ്‍ സംഭാഷണം കഴിയും മുന്‍പ് തന്നെ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമാകും. അക്കൗണ്ടിന്റെയും എടിഎമ്മിന്റെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ബാങ്കും ഉപഭോക്താവിനെ ബന്ധപ്പെടാറില്ല. ഇത്തരം തട്ടിപ്പ് ഫോണ്‍ കോളുകള്‍ വന്നാല്‍ ബാങ്കില്‍ നേരിട്ട് എത്തി ഇക്കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കുന്നു.

pathram desk 1:
Leave a Comment