എല്ലാ ബോട്ടുകളും പിടിച്ചെടുക്കണമെന്ന് മന്ത്രി ; വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യണം; ബോട്ട് ഓടിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും

ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു.
പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യാനും ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശിച്ചു.

അതേസമയം കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുന്നു. ചേര്‍ത്തലയില്‍ തുറന്ന ക്യാംപുകളിലേക്ക് 4500ല്‍ അധികം പേരെ മാറ്റി. ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും കടലിലേക്കുള്ള ഒഴുക്ക് വേഗത്തിലാക്കാനും വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവ ബീച്ച് ഭാഗത്തു തുറക്കുന്നതിന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു നിര്‍ദ്ദേശം നല്‍കി. ബീച്ചിലേക്കു കനാല്‍ തുറക്കുന്നതു സമയബന്ധിതമായി നിരീക്ഷിക്കാനും ഒഴുക്കു സുഗമമാണെന്ന് ഉറപ്പാക്കാനും നഗരസഭാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്നു വന്ന ഒരുലോഡ് മരുന്ന് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇത് ഉടനെ വിവിധ കേന്ദ്രങ്ങളിലേക്കു നല്‍കാനും നിര്‍ദ്ദേശിച്ചു.

രാമങ്കരി, മുട്ടാര്‍ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും എന്‍ഡിആര്‍എഫിന്റെ ഓരോ ടീമിനെ നിയോഗിച്ചു. മുട്ടാര്‍, രാമങ്കരി ഭാഗത്തേക്ക് എന്‍ഡിആര്‍എഫിന്റെ രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാര്‍ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു.

pathram:
Leave a Comment