പത്തനംതിട്ടയില്‍ കൂടുതല്‍ ദുരിതം ഉണ്ടായതിനുള്ള കാരണം ഇതാണ്….

പത്തനംതിട്ട: മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങള്‍. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതില്‍ പ്രധാനം. അതിശക്തമായ മഴയ്‌ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാര്‍, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കല്‍, മണിയാര്‍, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകള്‍. ഇവ തുറന്നുവിട്ടതോടെ ത്രിവേണിയിലെ മൂന്നു തടയണകളും കവിഞ്ഞൊഴുകി.

ഈ വെള്ളമെല്ലാം പമ്പാനദിയുടെ 176 കിലോമീറ്റര്‍ വിസ്തൃതമായ തീരങ്ങളെ വിഴുങ്ങി. 2235 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതമായ പമ്പയുടെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നെല്ലാമുള്ള പെയ്ത്തുവെള്ളവും ഇതോടൊപ്പം വന്നു. കക്കി ഡാം മേഖലയില്‍ 14ന് 29 സെന്റീമീറ്റര്‍ മഴയാണു രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ കഴിഞ്ഞ ഒരാഴ്ച 80 സെന്റീമീറ്ററോളം മഴ പെയ്തു. ഇതില്‍ ഒരു ഭാഗം മഴവെള്ളം പമ്പയിലേക്കാണ് ഒഴുകിയെത്തിയത്.

ചിറ്റാര്‍, സീതത്തോട്, ശബരിമല ഭാഗത്ത് എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വയ്യാറ്റുപുഴയിലേത് ഇതില്‍ ഏറ്റവും തീവ്രവും. ഇവയുടെ ശക്തമായ വെള്ളപ്പാച്ചില്‍കൂടി ആയപ്പോള്‍ പമ്പാനദി രൗദ്രഭാവം പൂണ്ടു. നിറഞ്ഞൊഴുകുന്ന അച്ചന്‍കോവിലാറില്‍ നിന്നുള്ള പ്രളയജലം ടൗണിനു നടുവിലൂടെ ഒഴുകുന്ന മുട്ടാര്‍ നീര്‍ച്ചാലിലൂടെ ഒഴുകിയെത്തിയതാണു എംസി റോഡിലെ പന്തളത്തു വെള്ളം ഉയരാനുള്ള കാരണം. 1992 ലാണ് ഇതിനു മുന്‍പ് പന്തളത്തു റോഡില്‍ വെള്ളം കയറിയത്.

pathram:
Leave a Comment