തിരുവനന്തപുരം: മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ആര്‍ത്തലച്ചു പെയ്തതിനു ശേഷം നിലവില്‍ ന്യൂനമര്‍ദ്ദം ചത്തീസ്ഗഡ് മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍ കേരളത്തിലെ മഴയുടെ ശക്തി വരും ദിവസങ്ങളില്‍ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്കു കാരണം.
എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. ന്യൂന മര്‍ദ്ദം കേരളത്തില്‍ നിന്നും വിടവാങ്ങി തുടങ്ങി. മഴയുടെ ശക്തി കേരളത്തില്‍ കുറഞ്ഞു വരികയാണ്. ഇന്ന് മഴ ഉണ്ടാകുമെങ്കിലും മുന്‍ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കില്‍ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും.മഴ നിന്നാല്‍ നാല് അഞ്ചു മണിക്കൂര്‍നുള്ളില്‍ വെള്ളം താഴും.
30 മുതല്‍ 60 ദിവസം വരെ ഇടവിട്ട്, മഴയുടെ ശക്തി കൂടിയും കുറഞ്ഞും വരുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്ന പ്രതിഭാസമാണു കേരളത്തില്‍ പെരുമഴയ്ക്കു കാരണമായത്. ഇതോടൊപ്പം ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും പെരുമഴ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ ആരംഭിച്ചു. മേയ് ആദ്യ ആഴ്ചകളില്‍ തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു.
കടലിലെ താപനില വര്‍ധിക്കുന്നതാണ് ന്യൂനമര്‍ദം രൂപപ്പെടുന്നതിന് കാരണം. കടലിലെ താപനില നിയന്ത്രിക്കാന്‍ പ്രകൃതി തന്നെ സ്വയം കണ്ടെത്തുന്ന പ്രതിഭാസമാണു ന്യൂനമര്‍ദവും തുടര്‍ന്നുണ്ടാകുന്ന മഴയും. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടപ്പോള്‍ ആ ഭാഗത്തേക്കു വായുവിന്റെ ശക്തമായ പ്രവാഹമാണ് ഉണ്ടായത്. അറബിക്കടലിലെ ഈര്‍പ്പം നിറഞ്ഞ വായുവിനെ ന്യൂനമര്‍ദം വലിച്ചെടുത്തു. ഈ വായുവിന്റെ സഞ്ചാരം കേരളത്തിനു മുകളിലൂടെയായിരിക്കും. ഭൂനിരപ്പിനു സമാന്തരമായി സഞ്ചരിക്കുന്ന വായുപ്രവാഹം പശ്ചിമഘട്ട മലനിരകളില്‍ തട്ടി കുത്തനെ മുകളിലേക്കു സഞ്ചരിക്കും. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന മഴമേഘങ്ങളാണു പിന്നീടു രൂപപ്പെടുക. പശ്ചിമഘട്ടം ഉള്ളതിനാല്‍ ഈ മഴമേഘങ്ങള്‍ കേരളത്തിനു മുകളില്‍ തന്നെ പെയ്‌തൊഴിയുന്നു.
അതേസമയം, മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഉത്തരവായിട്ടുണ്ട്. മഴയും പ്രളയവും ദുരിതം സൃഷ്ടിച്ച മേഖലകളില്‍ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും ഏകോപനം വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിനും പി. ഡബ്‌ളിയു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ദ്ധന്‍ വി. റാവുവിനുമാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകരുടെയും സേനയുടെയും വിന്യാസത്തിന്റേയും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുമായി ഏകോപനം നടത്തുന്നതിന്റേയും ചുമതല ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജ്യോതിലാലിനും ഊര്‍ജ സെക്രട്ടറി സഞ്ജയ് കൗളിനുമാണ്. ദുരിതാശ്വാസ ക്യാമ്പുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുമായി ഏകോപനം നടത്തുന്നതിന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Leave a Comment