ശബരിമല ഒറ്റപ്പെട്ടു; പമ്പയില്‍ കനത്ത മഴ; കടകള്‍ മുങ്ങി; തീര്‍ഥാടകരെ തടയുന്നു

പമ്പ: ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടു. ഇതിനെ തുടര്‍ന്ന് പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീര്‍ഥാടകരെയും ആശങ്കയിലാക്കി. പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണമായും മുങ്ങി. തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ചിങ്ങമാസപൂജ, നിറപുത്തരി എന്നിവയ്ക്കായി നട തുറക്കുന്നതിനാല്‍ അയ്യപ്പന്മാര്‍ തിങ്കളാഴ്ച മുതല്‍ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാന്‍. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറി. ഹോട്ടലുകള്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായി. ഒരു ഹോട്ടലില്‍നിന്നുമാത്രം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment