മാവോയിസ്റ്റ് നേതാവ് ഷൈനയ്ക്ക് ജാമ്യം; ബോണ്ട് തുക കെട്ടിവച്ചാല്‍ ജയില്‍ മോചിതായാകും

കൊച്ചി: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് വനിതാനേതാവുമായ ഷൈനയ്ക്ക് 17 കേസുകളില്‍ ജാമ്യം അനുവദിച്ചു. തമിഴ്‌നാട്ടിലെ പത്തും കേരളത്തിലെ ഏഴും കേസുകള്‍ക്കാണ് ജാമ്യം. കേരളത്തിലുള്ള കേസുകളില്‍ ജാമ്യ വ്യവസ്ഥയായി ബോണ്ട് തുക കെട്ടിവെച്ചാല്‍ ഇന്ന് ഷൈന ജയില്‍ മോചിതയാകും.

കേരളത്തിലെ മാവോയിസ്റ്റ് വനിതകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഷൈനയെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കുറ്റ പത്രം നല്‍കാത്തതിനെ തുടര്‍ന്നാണ് ജാമ്യം വൈകിയത്. കേരളത്തില്‍ മേപ്പാടി പൊലീസ് സ്‌റ്റേഷനില്‍ രണ്ടും പാടന്തറയില്‍ ഒരു കേസും തിരുനെല്ലിയില്‍ ഒന്നുമുള്‍പ്പെടെ വയനാട്ടില്‍ നാല് കേസുകളാണുള്ളത്. പാലക്കാട് കസബ പൊലീസ് സ്‌റ്റേഷനിലും ടൗണ്‍ പൊലീസ് സ്‌റ്റേഷനിലും ഓരോ കേസ് വീതമുണ്ട്. എറണാകുളം ജില്ലയിലെ പെരിമ്പത്തൂര്‍ സ്‌റ്റേഷനിലും കേസുണ്ട്.

2015 മേയില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോള്‍ കേരളത്തില്‍ ഷൈനയ്ക്ക് എതിരെ ഒരു കേസ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ഷൈന ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കാലയളവില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി കേസുകളില്‍ പ്രതിയാക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷൈനയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്നലെയോടെ കണ്ണൂരിലേക്ക് മാറ്റി. ജയില്‍ മോചിതയാകുന്ന ഷൈനയ്ക്ക് സ്വീകരണം ഒരുക്കാന്‍ മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തകര്‍ കണ്ണൂരില്‍ എത്തിയതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment