മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി,പുറത്തെത്തിച്ചത് സമാന്തര പാത നിര്‍മ്മിച്ച്

മൂന്നാര്‍: മൂന്നാര്‍ പളളിവാസല്‍ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളുള്‍പ്പെടുന്ന 54 സഞ്ചാരികളെ സമാന്തര നടപ്പാതയുണ്ടാക്കിയാണ് രക്ഷപെടുത്തിയത്. ഇവരെ കെറ്റിഡിസിയുടെ റിസോര്‍ട്ടില്‍ എത്തിച്ചു.

റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയുമാണ് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടങ്ങിയ വിവരം പുറത്തുവന്നത്. ഇവിടേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ് തടസ്സപ്പെടുകയായിരുന്നു. രാവിലെ മുതല്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സമാന്തര പാത നിര്‍മ്മിച്ച് സഞ്ചാരികളെ പുറത്തുകൊണ്ടുവരാനായത്. റിസോര്‍ട്ടിലെ 21 ന്ന് മുറികളിലായി താമസിച്ചിരുന്ന സന്ദര്‍ശകരാണ് അപകടത്തില്‍പ്പെട്ടത്

സഞ്ചാരികളെ രക്ഷപ്പെടുത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട റിസോര്‍ട്ടിലാണ് വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങിയതെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അനധികൃതമായി നിര്‍മ്മിച്ച ഈ റിസോര്‍ട്ടിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ ഇവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതുപോലുള്ളവരാണ് നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്കാകെ ശാപമാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ട് തവണ റിസോര്‍ട്ടിന് സമീപത്ത് പാറ അടര്‍ന്ന് വീണിരുന്നു. അതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദേവികുളം സബ് കളക്ടര്‍ കെട്ടിടം അടച്ചുപൂട്ടിയത്. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. മണ്ണിടിച്ചിലും കനത്തമഴയും തുടരുന്നതിനിടെ ഇക്കുറിയും ഈ റിസോര്‍ട്ട് പൂട്ടാന്‍ സബ് കളക്ടര്‍ നോട്ടീസ് നല്‍കിയെങ്കിലും കൈപ്പറ്റാന്‍ റിസോര്‍ട്ട് അധികാരികള്‍ തയ്യാറായില്ല.

ഉത്തരവ് കൈപ്പറ്റിയാല്‍ പിന്നീട് തുറക്കാന്‍ കഴിയാതെ പോകുമെന്നും അതിനാല്‍ ‘താല്ക്കാലികമായി അടയ്ക്കുക’ എന്ന് ഉത്തരവില്‍ എഴുതിച്ചേര്‍ക്കണമെന്നും റിസോര്‍ട്ട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ല. റിസോട്ടിന് സമീപത്ത് കനത്ത മഴയും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്.

pathram desk 2:
Leave a Comment