ഞാന്‍ വെടിവെച്ചത് മോഹന്‍ലാലിനെയല്ല!!! മുഖ്യമന്ത്രിയ്ക്കും സമൂഹത്തിനും നേരെയെന്ന് അലന്‍സിയര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കൈത്തോക്ക് ചൂണ്ടി പ്രതിഷേധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ അലന്‍സിയര്‍. തനിക്ക് മോഹന്‍ലാലിനോട് വിരോധമില്ലെന്നും തന്റെ പ്രതിഷേധം ഒരിക്കലും അദ്ദേഹത്തിന് നേരെ ആയിരുന്നില്ലെന്നും നടന്‍ വ്യക്തമാക്കി. താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയാണ് വെടിയുതിര്‍ത്തതെന്നും അലന്‍സിയര്‍ പറഞ്ഞു.

മോഹന്‍ലാലിന് നേരെ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത അട്ടര്‍ നോണ്‍സണ്‍സ് ആണെന്നും താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയറുടെ വാക്കുകള്‍

‘അത് അട്ടര്‍ നോണ്‍സണ്‍സ് ആണ്..അട്ടര്‍ നോണ്‍സണ്‍ ആയിട്ടുള്ള വാര്‍ത്തയാണ് ആ സാധനം. വളരെ സര്‍ക്കാസത്തോടെ ചെയ്തുപോയ, ഒരു, വളരെ..ഒരു ഫങ്ഷനില്‍ നമ്മള്‍ ഒരു കുട്ടിക്കളി കാണിക്കില്ലേ.. ചിലപ്പോള്‍ ഒരു അര്‍ത്ഥം ഉണ്ടാകും. ആ അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തതുമാണ് ആ സാധനത്തില്‍ എനിക്ക് പറയാനുള്ളത്.

മോഹന്‍ലാലിനെതിരെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വെടിവെച്ചിട്ടില്ല. നിങ്ങള്‍ എഴുതിക്കോ.. ഞാന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും എതിരെയാണ് ഞാന്‍ വെടിവെച്ചത്. നമ്മുടെ സൊസൈറ്റിക്ക് നേരെയാണ് ഞാന്‍ വെടിവെച്ചത്.

എന്തിനാണ് ഒരു മനുഷ്യന്‍ പീഡിപ്പിക്കപ്പെടേണ്ടി വരുന്നത്. ഒരു സംഘടനയുടെ പ്രസിഡന്റ് ആയതിന്റെ പേരില്‍ ആ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍… ഇനി ഇതൊന്നും പറ്റുന്നില്ലെങ്കില്‍ ഞാന്‍ രാജിവെക്കും എന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു വളരെ ക്രിട്ടിക്കലായിട്ടുള്ള ഒരു സ്പേസിലാണ് ഈ അവാര്‍ഡ് വിതരണം നടക്കുന്നത്. ആ അവാര്‍ഡ് വിതരണത്തിലുള്ള എന്റെ വിയോജിപ്പെന്നല്ല ഞാന്‍ പറഞ്ഞത്. അതിലുള്ള യോജിപ്പാണ്.

മുഖ്യമന്ത്രി പോലും സേഫ് അല്ല. ഇവിടുത്തെ സാംസ്‌കാരിക നായകരൊക്കെ ഒപ്പിട്ടുകഴിഞ്ഞാലുണ്ടല്ലോ തീര്‍ന്നുപോകും.നിങ്ങള്‍ ജീവിക്കുന്ന സൊസൈറ്റിയില്‍ നിങ്ങള്‍ ആരോടെങ്കിലും കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു പ്ലേ എങ്കിലും ചെയ്യൂ. ഞാനൊരു നാടകക്കാരനായതുകൊണ്ട് അത്രയും ചെയ്തു എന്നേയുള്ളൂ. ഇത് ലാലേട്ടനെതിരെയുള്ള എഗെയിന്‍സ്റ്റ് ആയിട്ടുള്ള പ്രൊട്ടസ്റ്റല്ല. ആ വേദിയിലിരുന്ന, സദസിലിരുന്ന നമ്മുടെ സൊസൈറ്റിക്ക് നേരെയുള്ള പ്രതിഷേധമാണ് ഞാന്‍ കാണിച്ചത്.

pathram desk 1:
Related Post
Leave a Comment