ഇടുക്കി ഡാം തുറക്കുന്നു; ഉച്ചയ്ക്ക് 12ന് ട്രയല്‍ റണ്‍; 50 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും; സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും; ജാഗ്രതാ മുന്നറിയിപ്പ്

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ട്രയല്‍ റണ്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്. 12 മണിയോടെ ട്രയല്‍ റണ്‍ നടത്തുമെന്ന് ഇടുക്കി ജില്ലാ കലക്റ്റര്‍ പറഞ്ഞു. സ്ഥിഗതികള്‍ പരിശോധിക്കാന്‍ വൈദ്യുതി മന്ത്രി ഇടുക്കി ഡാം സൈറ്റിലേക്ക് തിരിച്ചിട്ടുണ്ട്. നാല് മണിക്കൂറാണ് തുറന്നിടുക. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകും. ഇടുക്കി ഡാമിലെ ഇപ്പോള്‍ ജലനിരപ്പ് 2398.88 കടന്നു.

ഇടമലയാര്‍ ഡാമിനൊപ്പം ഇടുക്കി ഡാമും കൂടി തുറന്നാല്‍ ആലുവയിലും എറണാകുളം ജില്ലയിലും വെള്ളപ്പൊക്കമുണ്ടായേക്കാം എന്ന ആശങ്കയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ച ശേഷമായിരിക്കും ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. രാവിലെ അഞ്ച് മണിക്കാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം ആലുവയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പലയിടത്തും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. മുകളിലെ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ അണക്കെട്ടില്‍ 15 ഷട്ടറുകളും ഇതിനോടകം തുറന്നിട്ടുണ്ട്.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹച്യരത്തില്‍ ചെറുത്തോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. റിസര്‍വോയറിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.
ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് നിര്‍ദേശം. ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. രണ്ട് ദിവസം കൊണ്ട് ഇടുക്കി പദ്ധതി പ്രദേശത്ത് 136 മില്ലി മീറ്റര്‍ മഴ ലഭിക്കുകയും നീരൊഴുക്ക് ശക്തമാക്കുകയും ചെയ്തതോടെയാണ് അടിയന്തരമായി ട്രയല്‍ റണ്‍ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.

ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ഇടമലയാര്‍ ഡാം നേരത്തെ തന്നെ തുറന്നു വിട്ട സ്ഥിതിക്ക് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ജൂലൈ മൂന്നാം വാരമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവും നടത്തിയിരുന്നു. ഇപ്രകാരം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുന്നൂറോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് നിന്നും മാറ്റും. ദുരന്തനിവാരണസേന നേരത്തെ തന്നെ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഇപ്പോള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment