മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും; ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം.

വെള്ളപ്പൊക്കവും മലയിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നു ലഭിച്ച നിവേദനം കണക്കിലെടുത്താണിതെന്നും എം.പി.വീരേന്ദ്ര കുമാറിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.

മലയിടിച്ചില്‍ പോലുള്ള ദുരന്തങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തണം. വന്‍ തോതില്‍ നാശം വിതയ്ക്കുന്ന ദുരന്തങ്ങളില്‍ ദേശീയ ഫണ്ടില്‍ നിന്ന് അധികതുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

pathram desk 1:
Leave a Comment