ആധാര്‍ നമ്പര്‍ ഒരുകാരണവശാലും പരസ്യപ്പെടുത്തരുത്; മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ആധാര്‍ നിയന്ത്രണ ഏജന്‍സിയായ യുഐഡിഎഐ. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്.

കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ ‘ആധാര്‍ ചാലഞ്ച്’ ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. സ്വന്തം ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവച്ച അദ്ദേഹം, ഈ നമ്പര്‍ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്താന്‍ സാധിക്കുമോയെന്നാണ് വെല്ലുവിളിച്ചത്.

താമസിയാതെ തന്നെ പ്രശസ്ത ഹാക്കര്‍ ഏലിയറ്റ് ആല്‍ഡേഴ്സനുള്‍പ്പെടെയുള്ളവര്‍ ശര്‍മയ്ക്കു മറുപടിയുമായെത്തി. ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പര്‍, കുടുംബചിത്രങ്ങള്‍, വീട്ടുവിലാസം, ജനനത്തീയതി, ഓണ്‍ലൈന്‍ ഫോറത്തില്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തി പോസ്റ്റ് ചെയ്തു.

ചോര്‍ത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ലെന്നായിരുന്നു ശര്‍മയുടെ മറുപടി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ ഉണ്ടെന്നും യുഐഡിഎഐയും പറഞ്ഞു. ഇതിനിടെ, ശര്‍മയെ അനുകരിച്ച് ചില വ്യക്തികളും ആധാര്‍ ചാലഞ്ച് നടത്തിയതോടെയാണു മുന്നറിയിപ്പുമായി യുഐഡിഎഐ രംഗത്തെത്തിയത്.

pathram desk 1:
Related Post
Leave a Comment