രാജ്യത്തിന് ആവശ്യം വന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും; മോദി ഇന്ത്യന്‍ ജനാധിപത്യത്തിന് അനുയോജ്യനായ നേതാവെന്ന് നടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് നരേന്ദ്ര മോദിയെന്നു നടി കങ്കണ റണാവത്ത്. മോദിയുടെ ആദ്യകാല ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മിച്ച ‘ചലോ ജീത്തേ ഹേം’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ. രാഷ്ട്രീയത്തില്‍ ഇറങ്ങുമെയോന്ന ചോദ്യത്തിന് ‘രാജ്യത്തിന് ആവശ്യം വന്നാല്‍’ എന്നായിരുന്നു കങ്കണയുടെ മറുപടി.

‘രാജ്യത്തിനു നേരെ എന്തു ഭീഷണിയുണ്ടായാലും ജീവന്‍ പോലും ബലി നല്‍കി കണ്ണിമ ചിമ്മാതെ രക്ഷിക്കാന്‍ നമ്മുടെ സൈനികര്‍ കാവലുണ്ട്. രാജ്യത്തിന് എന്നെങ്കിലും എന്റെ ആവശ്യം വന്നാല്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, രാജ്യത്തിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാന്‍ തയാറാണ്’- എന്നായിരുന്നു കങ്കണയുടെ മറുപടി. നിലവില്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തക്ക പ്രായമായിട്ടില്ല. രാജ്യത്തെ നയിക്കാന്‍ തക്കതായ അറിവുമില്ല. എന്നാല്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജ്യത്തിനു വേണ്ടി രംഗത്തിറങ്ങും.

മോദിയെക്കുറിച്ചുള്ള ചിത്രത്തിന്മേല്‍ കങ്കണ അഭിപ്രായം പങ്കുവച്ചതിങ്ങനെ: ‘മനോഹരമായ ചിത്രമാണ്. ലോലമനസ്സുള്ള കുട്ടിയായിരിക്കെ എങ്ങനെയാണ് മോദി പലതരത്തിലുള്ള കഠിന ജീവിതഘട്ടങ്ങളിലൂടെ കടന്നു പോയതെന്നു വ്യക്തമാക്കുന്നുണ്ട് ചിത്രം. ഇത് അദ്ദേഹത്തെപ്പറ്റി മാത്രമല്ല, നമ്മളെല്ലാവരെയും പറ്റിയാണ്…’

നാലു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തെപ്പറ്റിയും കങ്കണ സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണു മോദി. മാതാപിതാക്കളുടെ പിന്തുണ കൊണ്ടല്ല മോദി പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്. ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് അദ്ദേഹം. എല്ലാവരും വോട്ടു ചെയ്തു ജയിപ്പിക്കും വിധമുള്ള അംഗീകാരത്തിലേക്ക് അദ്ദേഹം എത്തിയത് കഠിനാധ്വാനത്തിലൂടെയാണ്. അത് ആര്‍ക്കും എടുത്തുമാറ്റാനാകില്ല.

പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വിശ്വാസ്യതയിലും അവിശ്വാസം പ്രകടിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്കു നയിക്കാന്‍ 2019ലെ തിരഞ്ഞെടുപ്പിലും മോദി ജയിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലെത്തിക്കാന്‍ അഞ്ചു വര്‍ഷം കൊണ്ടു സാധിക്കില്ല. രാജ്യം ഇപ്പോഴൊരു കുഴിയിലാണ്. അതില്‍ നിന്ന് ഉയര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും കങ്കണ വ്യക്തമാക്കി.

മങ്കേഷ് ഹദാവാലെ സംവിധാനം ചെയ്ത ‘ചലോ ജീത്തേ ഹേം’ നരു എന്ന കുട്ടിയുടെ കഥയാണ്. ചിത്രം അടുത്തിടെ രാഷ്ട്രപതി ഭവനിലെ കള്‍ചറല്‍ സെന്ററിലും പ്രദര്‍ശിപ്പിച്ചിരുന്നു.

pathram desk 1:
Leave a Comment