കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍; നില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: അതീവ ഗുരുതരാവസ്ഥയിലായ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികില്‍സയിലായിരുന്നു കരുണാനിധിയെ രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും അര്‍ധരാത്രിയോടെ വീണ്ടും വഷളാകുകയായിരുന്നു. ആശുപത്രിക്കു സമാനമായ സംവിധാനങ്ങള്‍ ഒരുക്കി, വീട്ടിലായിരുന്നു ഇതുവരെ ചികില്‍സ.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. ചികില്‍സയ്ക്ക് ആവശ്യമായ എന്തു സഹായവും ചെയ്യാമെന്നു മോദി അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കരുണാനിധിയുടെ വീട്ടിലെത്തി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മകന്‍ മുന്‍ കേന്ദ്രമന്ത്രി അഴഗിരിയും പിതാവിനെ സന്ദര്‍ശിച്ചു.

pathram desk 1:
Leave a Comment