രണ്ടുവയസുകാരന്റെ മരണം ഷിഗെല്ല ബാക്ടീരിയ മൂലമല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ പ്രദേശ വാസികള്‍ക്ക് ഉണ്ടായിരുന്ന ആശങ്കയ്ക്ക് ആശ്വാസം. പുതുപ്പാടിയില്‍ രണ്ടുവയസ്സുകാരന്‍ സിയാദ് മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സിയാദ് മരിച്ചത് ഷിഗെല്ല ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചത്.

പുതുപ്പാടി അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകനാണ് മരിച്ച രണ്ടുവയസ്സുകാരന്‍ സിയാദ്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിളക്കബാധയെത്തുടര്‍ന്ന് 18ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മരണപ്പെട്ടു. ഷിഗെല്ലാ ബാധയാണെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധനയ്ക്കായി സാംപിള്‍ മണിപ്പാലിലേക്ക് അയച്ചത്.

ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് രണ്ടുപേര്‍ തിരുവനന്തപുരത്തും രണ്ടുപേര്‍ കോഴിക്കോട്ടും. ഷിഗെല്ല പ്രത്യേകതരം വയറിളക്ക രോഗമാണ്. മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ല എന്ന ബാക്ടീരിയ രോഗം പകര്‍ത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശുചിത്വവും തിളപ്പിച്ചാറിച്ച വെള്ളവും ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സൂക്ഷിക്കാനാകും. കിണറുകളില്‍ ക്‌ളോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുമുമ്പും ഇത്തരം രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ ശുചിത്വ പരിപാലനമാണ് ഇതിനെ തടയാനുള്ള പ്രധാനമാര്‍ഗമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

pathram:
Leave a Comment