ചെങ്ങന്നൂര്‍ മോഡല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കണം; അടുത്ത തെരഞ്ഞെടുപ്പില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കാന്‍ സിപിഎം

തിരുവനന്തപുരം: 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ അനുകൂലമായ സാഹചര്യമാണ്. അത് മനസിലാക്കി
പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളും പിടിച്ചടക്കാന്‍ കഴിയും. ഇതിന് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനതല നേതൃശില്‍പശാലയില്‍ സിപിഎം നിര്‍ദേശിച്ചു.

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സംഘടനാ പ്രവര്‍ത്തനശൈലി മാതൃകയാക്കണമെന്നും നേതൃത്വം നിര്‍ദേശിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വീഴ്ചയുള്ള സ്ഥലങ്ങളില്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കണം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ രംഗങ്ങളില്‍നിന്നു മാറിയ പാര്‍ട്ടി അംഗങ്ങളെ ഇതിനായി നിയോഗിക്കാം. എല്‍ഡിഎഫ് വിപുലീകരിക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി.

140 നിയമസഭാ മണ്ഡലങ്ങളുടെയും സെക്രട്ടറിമാര്‍ തൊട്ടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെയുള്ള നേതൃനിര പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിലുടനീളമുണ്ടായിരുന്നു. ലോക്‌സഭാ ഇലക്ഷനുശേഷം ഒരു മൂന്നാം ശക്തി രാജ്യത്ത് ഉയര്‍ന്നുവരുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജപിയെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ബിജെപിയോ കോണ്‍ഗ്രസോ നയിക്കുന്ന ശക്തികളല്ലാതെ ഒന്നാകും ഉദയം ചെയ്യുക. അതില്‍ ഇടതുപക്ഷത്തിനു നേതൃപരമായ പങ്ക് വഹിക്കാനുണ്ട്.

എന്നാല്‍, അതിനു കേരളത്തിനു ശക്തമായ സംഭാവന നല്‍കാന്‍ കഴിയണം. ബംഗാളിലോ ത്രിപുരയിലോ നിന്നു പഴയ പ്രതീക്ഷകളൊന്നും വേണ്ട. അതിനാല്‍ ഓരോ പ്രവര്‍ത്തകരും ഉത്തരവാദിത്തമേറ്റെടുത്തു പ്രവര്‍ത്തിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു.

സംഘടനയേല്‍പിക്കുന്ന ജോലികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇലക്ഷനില്‍ കമ്മിറ്റികള്‍ക്കല്ല, ഓരോ വ്യക്തിക്കുമായിരിക്കും ചുമതലകള്‍. പ്രവര്‍ത്തിക്കാത്ത ഒരാളെയും പാര്‍ട്ടിയില്‍ വേണ്ട. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment