‘പിണറായി സഖാവേ എന്നെയൊന്നു കൊന്നു തരാമോ..?’ മുഖ്യമന്ത്രിയ്‌ക്കെതിരെ അന്ന് ഭീഷണി മുഴക്കിയയാള്‍ ഇന്ന് യാചിക്കുന്നു

വിദേശത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുകയും പിന്നീട് ജോലി പോലും നഷ്ടമായി നാട്ടിലെത്തി അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്ത്. പിണറായി സഖാവേ എന്നെ ഒന്നു കൊന്നു തരുമോ എന്നാവശ്യപ്പെട്ടു കൊണ്ടാണ് പുതിയ വീഡിയോ.

‘അന്ന് മദ്യപിച്ചുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്. അബുദാബിയില്‍ എന്നെ കൊണ്ട് നിങ്ങള്‍ മാപ്പു പറയിച്ചു. ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി തെറിപ്പിച്ചു. ഇങ്ങനെ ഇനിയും ജീവിക്കാന്‍ വയ്യ. എനിക്കേറ്റവുമിഷ്ടപ്പെട്ട രണ്ടു മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല, മൂന്ന്. സഖാവ് ഇകെ നയനാര്‍, കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി. എന്നു പറഞ്ഞുകൊണ്ട് തന്നെയൊന്നു കൊന്നു തരുമോയെന്ന് ഇയാള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ബിജെപിക്കാര്‍ കൊന്നാലും കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും എസ്ഡിപിഐക്കാര്‍ കൊന്നാലും കുഴപ്പമില്ലയെന്ന് പുതിയ വീഡിയോയില്‍ പറയുന്നു.

ഫേസ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ കൈമത്ത് പുത്തന്‍ പുരയില്‍ കൃഷ്ണകുമാരന്‍ നായരെ അറസ്റ്റു ചെയ്തത്. അബുദാബിയില്‍ ജോലി ചെയ്യവേയായിരുന്നു ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി.

അബുദാബിയിലെ ജോലി നഷ്ടപ്പെട്ട ഇയാള്‍ നാട്ടിലേക്ക് തിരിക്കവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായിരുന്നു. തീഹാര്‍ ജയിലില്‍ അടച്ച അദ്ദേഹത്തെ പിന്നീട് ഡല്‍ഹി പോലീസ് കേരള പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ജൂണ്‍ അഞ്ചിനാണ് ഫേസ്ബുക്ക് വീഡിയോ വഴി കൃഷ്ണകുമാരന്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്

pathram desk 1:
Leave a Comment