രക്ഷപ്പെടുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിവച്ചു; തൊഴിലാളിയുടെ മൊഴി സ്ഥിരീകരിച്ചു

മേപ്പാടി(വയനാട്): തൊളിലാളികളെ ബന്ദിയാക്കിയ മാവോയിസ്റ്റ് സംഘം കാട്ടിലൂടെ മറഞ്ഞു. വയനാട് മേപ്പാടി തൊള്ളായിരം എസ്‌റ്റേറ്റിലാണ് ഇന്നലെ രാത്രിയോടെ നാലംഗ സായുധ സംഘമെത്തി മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയത്. തൊഴിലാളികള്‍ സായുധ സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അതേസമയം, രക്ഷപ്പെട്ടോടുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന തൊഴിലാളിയായ അലാവുദ്ദീന്റെ മൊഴി പോലീസ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ടോടുന്നതിനിടെ മാവോയിസ്റ്റുകളിലൊരാള്‍ വെടിവെച്ചുവെന്നാണ് ബംഗാള്‍ സ്വദേശിയായ അലാവുദ്ദീന്‍ പോലീസിനു നല്‍കിയ മൊഴി. ബന്ദിയാക്കിയ സമയത്ത് രണ്ടു തവണ മര്‍ദ്ദനമേറ്റതായും ഇയാളുടെ മൊഴിയിലുണ്ട്.

മാവോയിസ്റ്റുകളില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും പോലീസ് കസ്റ്റഡിയിലാണ്്. ഇവരുടെ താമസ സ്ഥലത്തുണ്ടായിരുന്ന അരിയും മറ്റു സാധനങ്ങളും എടുത്ത് കാട്ടിലൂടെ തന്നെ സായുധ സംഘം രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി കള്ളാടി തൊള്ളായിരമേക്കറിലും വനത്തിലും തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. ബംഗാള്‍ സ്വദേശികളായ അലാവുദ്ദീന്‍, ഖത്തീം, മക്ബൂര്‍ എന്നീ തൊഴിലാളികളെയാണ് സംഘം ബന്ദിയാക്കിയത്്.

മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണം തണ്ടര്‍ബോള്‍ട്ട് സംഘം ഇന്നത്തേത് അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചത്. നാളെയും പരിശോധന തുടരും. മേപ്പാടിയോട് അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ ആനക്കാംപൊയില്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ടു തന്നെ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും പരിശോധന ശക്തമാക്കി. വിക്രം ഗൗഡ, സോമന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment