ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ല: നസ്രിയ; പാര്‍വ്വതിയും അഞ്ജലി ചേച്ചിയും അടുത്ത സുഹൃത്തുക്കളാണ്

വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ ക്യൂട്ട് നായിക നസ്രിയ നാല് വര്‍ഷത്തിന് ശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത സിനിമ ഫഹദിനൊപ്പമാകാനാണ് സാധ്യതയെന്ന് നസ്രിയ പറയുന്നു. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നടി പറഞ്ഞു.

പാര്‍വതിയും അഞ്ജലി ചേച്ചിയും അടുത്ത സുഹൃത്തുക്കളാണ്. അവരോട് എന്തും തുറന്ന് സംസാരിക്കാവുന്നതാണ്. അതുകൊണ്ട് ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ലെന്ന് നസ്രിയ പറഞ്ഞു.

നസ്രിയയുടെ വാക്കുകള്‍:

ഏറെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലെല്ലാം എന്റെ സ്വഭാവത്തിന്റെ ചില അംശങ്ങളുണ്ട്. അതുകൊണ്ടാവും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അതു ചെയ്യാനായത്. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ ഏറ്റവും സാദൃശ്യമുണ്ടെന്നു പറഞ്ഞത് ഓം ശാന്തി ഓശാനയിലെ കഥാപാത്രമാണ്.

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗമാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഒട്ടും സജീവമല്ല. അതുകൊണ്ടു തന്നെ ഡബ്യുസിസി പോലെ മറ്റൊരു സംഘടനയില്‍ കൂടി ചേരുന്നതിലും കാര്യമില്ല.

ഡബ്ല്യുസിസിയിലുള്ള അഞ്ജലി ചേച്ചിയും പാര്‍വതിയും ഉള്‍പ്പടെയുള്ളവര്‍ ഏറെ അടുപ്പമുള്ളവരായതിനാല്‍ അവരോടു കാര്യങ്ങള്‍ പറയാന്‍ സംഘടനയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഓരോ വിഷയങ്ങളിലുമുള്ള പിന്തുണയും വിയോജിപ്പുകളുമെല്ലാം അവരോട് പറയാറുണ്ട്. കൂടെയുടെ ഷൂട്ടിനിടെയും ഇത്തരം ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടായിരുന്നു.

പക്ഷേ ഡബ്ല്യുസിസി പോലൊരു സംഘടന വളരെ നല്ലതാണ്. എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. അതു സംരക്ഷിക്കപ്പെടണം. ഡബ്ല്യുസിസിയും അമ്മയുംതമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. സിനിമയെടുക്കുമ്പോള്‍ അമ്മ സിനിമ, ഡബ്ല്യസിസി സിനിമ എന്നില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. അതിനാല്‍ എല്ലാവരുടെയും വികാരം മാനിച്ചുള്ള പ്രശ്ന പരിഹാരം ഉണ്ടാവുക തന്നെ വേണം.

സിനിമയിലും പ്ലാനിങ് ഇല്ലാത്തയാളാണു ഞാന്‍. കൂടെ റിലീസ് ആയ ശേഷം പുതിയ ഓഫറൊന്നും വന്നിട്ടില്ല. എന്നാല്‍ ഫഹദിനൊപ്പം അഭിനയിക്കുന്ന ഒരു സിനിമ പ്രോജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഫൈനലൈസ് ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ. എനിക്ക് ഇഷ്ടമായ സിനിമകള്‍ വന്നാല്‍ അഭിനയിക്കും.

ഫഹദ് ഉള്‍പ്പടെ കുടുംബത്തില്‍ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഈ നാലു വര്‍ഷം സിനിമ എന്നത് എന്റെയും ജീവിതത്തില്‍ നിന്നു പോയിരുന്നില്ല. ഏറെക്കാലമായി പരിചയമുള്ള അമല്‍ നീരദേട്ടന്റെ പുതിയ സിനിമയായ വരത്തനില്‍ നിര്‍മ്മാണ പങ്കാളിയായതും ഇതിനിടെയാണ്. അഭിനയമാണ് കൂടുതല്‍ എളുപ്പമെന്നു മനസിലായത് അപ്പോഴാണ്.

എങ്കിലും ദിവസവും കണക്കു നോക്കുന്ന, ബജറ്റ് ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഒരു പ്രൊഡ്യൂസറൊന്നുമായിരുന്നില്ല ഞാന്‍. അമലേട്ടനൊപ്പമായതിനാല്‍ അക്കാര്യത്തിലും വളരെ കംഫര്‍ട്ടബളായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു. ഓണത്തിന് ചിത്രം റിലീസ് ചെയ്യും.

കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണു പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം രൂക്ഷമാവുന്നത്. വളരെ മോശമായ ഒരു അവസ്ഥയാണു നേരിടേണ്ടി വന്നത്. പക്ഷേ വളരെ കരുത്തുള്ള ഒരു വ്യക്തിത്വമാണ് പാര്‍വതിയുടേത്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇതൊന്നും പാര്‍വതിയെ ബാധിച്ചിട്ടേയില്ല. സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല.

നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ അഭിപ്രായവികാര പ്രകടനങ്ങള്‍ക്കു തീര്‍ച്ചയായും അതിരു വേണം. അറിയപ്പെടുന്ന ആളുകളാവുമ്പോള്‍ നമ്മള്‍ പറയുന്ന ഒരോ വാക്കും ശ്രദ്ധിക്കപ്പെടും. ആ ജാഗ്രത നമുക്കും ആവശ്യമാണ്.

pathram desk 1:
Leave a Comment