കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായാണ് 9 പേര്‍ ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചിരുന്നു.
കോട്ടയത്ത് മാത്രം മൂന്ന് പേരാണ് മരിച്ചത്. കോട്ടയം ചെറുവള്ളി സ്വദേശി ശിവന്‍ (50), ഭരണങ്ങാനം സ്വദേശി തോമസ് എന്നിവര്‍ക്ക് പുറമേ ഒരു ഇതരസംസ്ഥാന തൊഴിലാളി കൂടി മഴക്കെടുതിയില്‍ മരിച്ചു. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ വെള്ളക്കെട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ കാണാതായ മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഉരുള്‍പൊട്ടലുണ്ടായി. വാഗമണ്‍ റോഡില്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. എറണാകുളം, ആലപ്പുഴ, വൈക്കം, ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശത്ത് റോഡ് ഗതാഗതം സ്തംഭിച്ചു. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. എംജി റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 22 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയ പിറവത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മൂന്നാറില്‍ 20 ഉം, പീരുമേട്ടില്‍ 19 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.മൂവാറ്റുപുഴ ആറ് കരകവിഞ്ഞ് ഒഴുകുകയാണ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
Leave a Comment