മലബാര്‍ സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരിച്ചു, ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും

കോയമ്പത്തൂര്‍: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. വൃക്ക തകരാറാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരന്‍ സനലും മലബാര്‍ സിമന്റ്സ് ആക്ഷന്‍ കൗണ്‍സിലും ആരോപിച്ചു.എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ടീന. മൂന്ന് ദിവസം മുമ്പാണ് ടീനയെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2011 ജനുവരി 24ന് വൈകീട്ടാണ് ശശീന്ദ്രനും മക്കളും കഞ്ചിക്കോട് കുരുടിക്കാട്ടുള്ള വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ശശീന്ദ്രന്‍ മുഖ്യ സാക്ഷിയായ മലബാര്‍ സിമന്റ്സിലെ മൂന്ന് അഴിമതി കേസുകളില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ മൂന്നാം ദിവസമായിരുന്നു മരണം.

മലബാര്‍ സിമന്റ്സ് അഴിമതി കേസുമായി മുന്നോട്ടു പോയാല്‍ രാഷ്ട്രീയ- ഐഎഎസ് സ്വാധീനമുപയോഗിച്ച് കുടുക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യവസായി വി എം രാധാകൃഷ്ണന്‍, ശശീന്ദ്രനെ വീട്ടില്‍ ചെന്നും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയില്‍ ശശീന്ദ്രന്റെ പേരില്ലെന്ന വിവരം മരണ ദിവസം വൈകീട്ട് ഭാര്യ ടീന ശശീന്ദ്രനെ ഫോണ്‍ മുഖാന്തരം വിളിച്ചറിയിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ തന്നോടുള്ള വിരോധം അഴിമതി സംഘങ്ങള്‍ക്ക് കൂടുമെന്ന് ശശീന്ദ്രന്‍ ഭയപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് അര മണിക്കൂറിനകം കുരുടിക്കാട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ചന്ദ്ര നഗറില്‍ ചെന്ന് കയര്‍ വാങ്ങി രണ്ടു കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സിബിഐയുടെ പ്രഥമ കുറ്റപത്രത്തിലുള്ളത്.

അതേസമയം മരണശേഷം ശശീന്ദ്രന്റെ ദേഹത്തുമാത്രം മര്‍മ പ്രധാനമായ സ്ഥാനങ്ങളില്‍ ഉണ്ടായ 13 മുറിവുകള്‍ എങ്ങിനെ ഉണ്ടായി, ഒരാള്‍ക്കു മാത്രമായി കുട്ടികളെ കൊന്ന് സ്റ്റീല്‍ ലാഡറില്‍ കയറ്റി കെട്ടിത്തൂക്കാന്‍ കഴിയില്ലെന്നു തെളിഞ്ഞ ഡെമ്മി ടെസ്റ്റ്, നിലത്തു നിന്ന് ലഭിച്ച നാലാമതു കുരുക്കിട്ട കയറിന്റെ വലുപ്പക്കുറവ്, ശശീന്ദ്രന്റെ കഴുത്തിലെ രണ്ടു കയറിന്റെ പാടുകള്‍, കുട്ടികളെ തൂക്കിയ രീതി, മൂന്ന് ശരീരത്തിലും തൂങ്ങി മരിക്കുന്നവരില്‍ കാണാവുന്ന മലമൂത്ര വിസര്‍ജനത്തിന്റെ അഭാവം, തൂക്കിയിട്ടിരിക്കുന്നതിലെ അപാകത, ലാന്റ് ഫോണ്‍ ഡിസ്‌ക്കണക്ട് ചെയ്തത് തുടങ്ങിയ വിവരങ്ങള്‍ ഒന്നും സിബിഐ അന്വേഷിക്കുകയോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ വസ്തുതയെല്ലാം ചൂണ്ടിക്കാട്ടി സഹോദരന്‍ സിബിഐ ഡയറക്ടര്‍ക്ക് നിവേദനം നല്‍കുകയും ഹൈക്കോടതിയില്‍ പുതിയ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായി. 52 രേഖകള്‍ കാണാതായെന്ന് വിവരം. 2012 മുതലുള്ള രേഖകളാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്. നിയമസഭാ നടപടികളുടെ പകര്‍പ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്. അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള രേഖകളും കാണാതായിട്ടുണ്ട്. കോടതിയുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന രേഖകളും നഷ്ടപ്പെട്ടു.
മലബാര്‍ സിമന്റ്സ് അഴിമതി കേസ് പിന്‍വലിക്കണമെന്ന് പ്രതികള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതി കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടെങ്കിലും വിജിലന്‍സ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സിപിഐഎം എംഎല്‍എ പി.ഉണ്ണിയും കേസില്‍ പ്രതിയാണ്.

14 കോടിയുടെ ക്രമക്കേട് നടന്ന കേസാണ് അട്ടിമറിക്കുന്നത്. നേരത്തെ സമര്‍പ്പിച്ച 5 കുറ്റപത്രങ്ങളിലും വിചാരണ തുടങ്ങിയില്ല. പ്രതികള്‍ വാങ്ങിയ സ്റ്റേ നീക്കാനും വിജിലന്‍സ് തയ്യാറായിട്ടില്ല. അന്വേഷണം സിബിഐക്ക് വിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനവും മരവിച്ചു.എന്നാല്‍, കേസിലെ പ്രധാന സാക്ഷിയായ ടീന മരിച്ചതോടെ കേസിന്റെ ദുരൂഹതയേറുകയാണ്. സാധാരണ മരണമായി തള്ളിക്കളയാനാകില്ലെന്ന നിലപാടിലാണ് ശശീന്ദ്രന്റെ കുടുംബം.

pathram desk 2:
Leave a Comment