നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി ഉണക്കാനിട്ട് ശ്രീനാരായണ ഗുരു!!! പരാതിയുമായി എസ്.എന്‍.ഡി.പി

കൊച്ചി: ബ്രസീല്‍ താരം നെയ്മറുടെ പത്താം നമ്പര്‍ ജേഴ്സി നിറകണ്ണുകളോടെ ഉണക്കാനിട്ടു നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പരാതിയുമായി എസ്.എന്‍.ഡി.പി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി.

ആര്‍ട് ഓഫ് പവിശങ്കര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തും വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബ്രസീല്‍ ആരാധനയ്ക്ക് തുടക്കമിട്ടത് ‘നാരായണന്‍കുട്ടി’യാണെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇതിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് സൈബര്‍ സേന പരാതി നല്‍കിയത്.

ഒരു ജനത ഈശ്വരനായി കാണുന്ന ഗുരുവിനെ വികലമായി ചിത്രീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം ഏറിവരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ആകെ അപമാനകരമാണെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.

pathram desk 1:
Leave a Comment