കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ എവിടെ,ഒരാള്‍ മോഹന്‍ലാലിനായി ലൊക്കേഷന്‍ തപ്പുന്ന തിരക്കിലാണ്; പൃഥ്വിരാജിനെതിരെ പരിഹാസവുമായി വിനയന്‍

കൊച്ചി:ദിലീപിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്ന്പൃഥ്വിരാജിനെ അടക്കം ഉന്നമിട്ട് വിനയന്‍ ചോദിക്കുന്നു. ‘കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളെ പുതിയ കമ്മിറ്റിയില്‍ എടുത്തു. വേറൊരാള്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല.അദ്ദേഹം എവിടെപ്പോയി. ഞാന്‍ അറിഞ്ഞത് അദ്ദേഹം മോഹന്‍ലാലിനെവെച്ച് ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ തപ്പി നടക്കുകയാണെന്നാണ്. ഇവര്‍ക്കൊക്കെ സ്വന്തം കാര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയാണ്. കലാകാരന്മാരുടെ അവസ്ഥ ഇതാണ്.’-വിനയന്‍ പരിഹസിച്ചു.

രാജിവെച്ച നടിമാര്‍ കാണിച്ച തന്റേടത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ക്ക് അതേ ചെയ്യാന്‍ കഴിയൂ. കാരണം നമുക്ക് അറിയാം, അമ്മ എന്ന സംഘടന സൂപ്പര്‍താരങ്ങള്‍ക്ക് പുറകെ ചുറ്റിത്തിരിയുന്ന സംഘടനയാണ്. ഭിക്ഷാന്ദേഹികള്‍ അപ്പകഷ്ണത്തിന് കാത്തുനില്‍ക്കുന്നതുപോലെ അവസരത്തിന് കാത്തുനില്‍ക്കുന്ന കുറച്ച് ആളുകള്‍. അവരുടെ കൂടാരമാണ് അമ്മ. അത് ഇപ്പോഴും അങ്ങനെതന്നെയാണ്. കാരണം ഇത്രയും മണ്ടത്തരംപിടിച്ച തീരുമാനം എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല- വിനയന്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്തതില്‍ തര്‍ക്കിക്കാനില്ലെന്നു പറഞ്ഞ വിനയന്‍. ഇങ്ങനെയൊരു തീരുമാനം അവര്‍ അങ്ങനെ ഒരുമിച്ച് എടുക്കുമ്പോള്‍ ആ പെണ്‍കുട്ടിയെ മറന്നുപോയെന്നും കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിക്കാന്‍ ആരും എന്തുകൊണ്ട് മുതിര്‍ന്നില്ല. ഞങ്ങള്‍ ആ കുട്ടിക്കൊപ്പം ഉണ്ടെന്നെങ്കിലും പറയാനുള്ള ബുദ്ധിയോ മാന്യതയോ ഇല്ലാത്ത ഇവരെ എങ്ങനെയൊരു സാംസ്‌കാരിക കൂട്ടായ്മ എന്നുവിളിക്കാന്‍ പറയും.

ഇത്ര ധൃതിപിടിച്ച് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടോ? ഇത് ആരോടോ വാശി കാണിക്കുന്നതുപോലെ ചെയ്തതാണ്. കഴിഞ്ഞ യോഗത്തില്‍ മോശമായി പ്രതികരിച്ച ചില നടന്‍മാര്‍ ഉണ്ടായിരുന്നു എംഎല്‍എമാര്‍ അടക്കമുള്ളവര്‍ അവരാണ് അതിനു പിന്നിലെന്ന് എനിക്ക് തോന്നുന്നു.ഇത്തവണത്തെ യോഗത്തില്‍ ഒരാളെ കൊണ്ട് ചോദിപ്പിച്ചാണ് നടനെ തിരിച്ചെടുത്തത്. മോഹന്‍ലാല്‍ അമരത്തിരിക്കുന്ന ഈ സംഘടന എന്തു മണ്ടത്തരമാണ് കാണിച്ചത്? മോഹന്‍ലാലിനെപ്പോലുള്ള ഒരാളെ പുകമറയില്‍ നിര്‍ത്തി തീരുമാനം നടപ്പാക്കുകയായിരുന്നു.

‘അമ്മ’ എന്നത് ഗ്ലാമറിന്റെയും പൈസയുടെയും പുറകെയാണ്. അതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ തന്നെ വീണ്ടും വീണ്ടും നേതാക്കന്മാരായി തിരഞ്ഞെടുക്കുന്നത്. രാജവാഴ്ച കഴിഞ്ഞിട്ട് എത്രയോ വര്‍ഷമായി, കുറച്ച് കൂടി ജനാധിപത്യപരമാകണം ഈ സംഘടന.പണ്ട് തിലകന്‍ ചേട്ടനെ വിലക്കിയപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബിയുടെ അടുത്ത് പോയിരുന്നു. സമയമായിട്ടില്ല മിസ്റ്റര്‍ വിനയന്‍ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്ത് സമയം, പിന്നീട് തിലകന്‍ ചേട്ടന്‍ മരിച്ച് കഴിഞ്ഞപ്പോള്‍ പറഞ്ഞു, സമയം കഴിഞ്ഞുപോയെന്ന്. സിപിഎമ്മിന് അവരുടേതായ അജണ്ടകള്‍ ഉണ്ട്.അല്ലെങ്കില്‍ മുകേഷ് എന്ന നടന്‍ ഇത്രവൃത്തികേടുകള്‍ക്ക് കൂട്ടുനിന്നിട്ട് എന്തേ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ലെന്നും വിനയന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു.

അതേസമയം അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരുടെ ധീരതയെയും അവരുടെ തീരുമാനത്തെയും അഭിനന്ദിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.താനിപ്പോഴും അവരോടൊപ്പമാണ്. അവരെ വിമര്‍ശിക്കുന്ന നിരവധി പേരുണ്ടാകും. എന്നാല്‍ തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടിനെ അനുസരിച്ചാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു

pathram desk 2:
Related Post
Leave a Comment