ജെസ്‌നയുടെ തിരോധാനം: പോലീസ് അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു, പരിശോധന കേരളം,തമിഴ്‌നാട്, കര്‍ണാടക, ഗോവ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജെസ്ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെയാണു പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവടങ്ങളിലെയും ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരങ്ങളും ശേഖരിക്കും. സംശയം തോന്നിയ സാഹചര്യത്തില്‍ ഇതുവരെ മൂന്നു മൃതദേഹങ്ങളാണു പൊലീസ് പരിശോധിച്ചത്.

ജെസ്ന കേസില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണു നടക്കുന്നതെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയരുന്നു. ആദ്യഘട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ആദ്യം കേസ് അന്വേഷിച്ചവര്‍ ഗൗരവമായി എടുക്കാത്തതാണു തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. പ്രത്യേക അന്വേഷണസംഘത്തിനും ഇതേ നിലപാടാണ്.

ജെസ്നയുടെ ആണ്‍ സുഹൃത്തിനെയും അച്ഛനെയും പതിനഞ്ചിലേറെത്തവണ ചോദ്യം ചെയ്തു. ജെസ്ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്നു പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജെസ്ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. പലരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

pathram desk 1:
Leave a Comment