തുടക്കത്തില്‍ വില്ലനൊപ്പം യെസ് ബോസ് എന്നു പറയുന്ന റോളെങ്കിലും മതിയായിരിന്നു; സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ തലതെറിച്ചു പോയെനെയെന്ന് മമ്മൂട്ടി

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ വേറെ എന്തെങ്കിലും ആയി തലതെറിച്ചു പോയേനെയെന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയിലെത്തുമ്പോള്‍ വില്ലനൊപ്പം യെസ് ബോസ് എന്ന് ഏറാന്‍മൂളി നില്‍ക്കുന്ന അനുചരന്റെ വേഷമെങ്കിലും കിട്ടിയാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളു. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ‘തുടക്കത്തില്‍ സിനിമയില്‍ വന്നപ്പോള്‍ വില്ലന്റെ കൂടെ യെസ് ബോസ് എന്ന റോള്‍ എങ്കിലും മതിയെന്നായിരുന്നു. അതിനപ്പുറത്തേക്കൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. പിന്നെ ലഭിച്ചതെല്ലാം ഭാഗ്യമാണ്. അത് പെട്ടെന്ന് ഒരു ദിവസം ഭാഗ്യം കയറി വന്നതുമല്ല. ഇതു മനസിലാക്കിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഇതിനുവേണ്ടി കൈയും കാലും തല്ലിയൊടിക്കാനായി തയ്യാറായിട്ടാണ് സിനിമയിലേക്ക് വന്നത്. അത്രത്തോളം ത്യാഗത്തിനു തയ്യാറായിരുന്നു. എന്നെ സിനിമയില്‍ അഭിനയിപ്പിച്ചില്ലെങ്കില്‍ സിനിമയ്ക്ക് തീപിടിക്കും, അത്രത്തോളം സിനിമ ഇഷ്ടമായിരുന്നു.

അന്ന് സിനിമയെപ്പറ്റി അറിയുന്നതും കേള്‍ക്കുന്നതിനും പഠിക്കുന്നതിനും ഒരു തുണ്ടുകടലാസ് കിട്ടിയാലും വായിക്കുമായിരുന്നു. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള സിനിമയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ എല്ലാം വായിച്ചിരുന്നു. പ്രാധാന്യമില്ലാത്ത റോളുകളില്‍ അഭിനയിച്ചിരിക്കുന്ന നടന്മാരെയും ഒട്ടും ഓടാത്ത സിനിമകളെയും ആരും കേട്ടിട്ടില്ലാത്ത സിനിമാപാട്ടുകളുമൊക്കെ എനിക്കറിയാമായിരുന്നു. 24 മണിക്കൂറും സിനിമ ഭക്ഷിച്ചുകൊണ്ടിരുന്ന ആളാണ് ഞാന്‍. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ വേറെ എന്തെങ്കിലും ആയി തലതെറിച്ചു പോയേനെ. മമ്മൂട്ടി പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി താന്‍ ശരീരത്തില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു. അന്നത്തെ കാലത്ത് യാത്ര എന്ന സിനിമയ്ക്കുവേണ്ടി മുടി മുറിച്ച് മൊട്ട അടിച്ചിരുന്നു. മതിലുകള്‍ എന്ന സിനിമയ്ക്കുവേണ്ടി രണ്ടോ മൂന്നോ കിലോ കുറക്കുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ വന്നശേഷം കുറേകാലം കഴിഞ്ഞ് വലിയൊരു വിപ്ലവം ഉണ്ടാക്കിയത് മൃഗയ എന്ന സിനിമയിലൂടെയായിരുന്നെന്ന് മമ്മൂട്ടി പറയുന്നു.

മൃഗയിലെ വാറുണ്ണിയെന്ന കഥാപാത്രം മേക്കപ്പിലെ വിപ്ലവമായിരുന്നു. തന്നെ പ്രാകൃതനായ ഒരാളാക്കിയത് ആ സിനിമയാണെന്നും മമ്മൂട്ടി പറയുന്നു. ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് ഒരു സാധാരണ രൂപത്തിലായിരുന്നു ഞാന്‍. ആദ്യത്തെ ഒന്നു രണ്ട് സീന്‍ അഭിനയിച്ചപ്പോള്‍ ആകെ ഒരു വിഷമം. അതില്‍ പുതിയതായി ഒന്നും അഭിനയിക്കാന്‍ സാധിക്കുന്നില്ല എന്ന സങ്കടം സംവിധായകനോടും തിരക്കഥാകൃത്തിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും പറയാനില്ല. രണ്ടാമത്തെ ദിവസം ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഷൂട്ടിങ് തുടങ്ങാന്‍ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു. എം ഒ ദേവസ്യ ആണ് മേക്കപ്പ്മാന്‍.

പാലക്കാട് ഒരു ചെറിയ വില്ലേജില്‍ ആണ് ഷൂട്ടിങ്. കുറേ ജനങ്ങള്‍ കൂടി നില്‍പ്പുണ്ട്. കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ ഒരാളെ കണ്ടു. മിലിറ്ററി ഗ്രീന്‍ഷര്‍ട്ടിട്ട, മുറുക്കി പല്ല് ഒക്കെ ചുവന്ന് പ്രാകൃതവേഷക്കാരനായ ഒരു കറുത്ത മനുഷ്യനെ കണ്ടു. ദേവസ്യേട്ടനെ വിളിച്ചിട്ട് ചോദിച്ചു നമുക്ക് അയാളാക്കി എടുക്കാന്‍ പറ്റുമോ ദേവസ്യേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നെ വിളിച്ചുകൊണ്ടുപോയി, പഴയ പടത്തില്‍ ആരോ ഉപയോഗിച്ച ഒരു വിഗ്, ആ പടത്തില്‍ ആരോ ഉപയോഗിച്ച മീശ. പിന്നെ എന്നെ കറുപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ ഭയങ്കര വൈമനസ്യമായിരുന്നു അദ്ദേഹത്തിന്.

നീഗ്രോബ്ലാക്ക് കളര്‍ ആണ് ഉപയോഗിച്ച് കറുപ്പിച്ച് മുഖത്തൊരു ഉണ്ണി വച്ചു. പിന്നെ പല്ല് ഇല്ലാണ്ട് തരത്തില്‍ കറുപ്പിച്ചു. ചുണ്ടും കറുപ്പിച്ചു. മിലിറ്ററി ഗ്രീന്‍ ഷര്‍ട്ട് കോസ്റ്റ്യൂമറിനെക്കൊണ്ട് തയിപ്പിച്ചു. ആ ഷര്‍ട്ട് കല്ലില്‍ ഇട്ട് ഇരച്ച് ഓയില്‍ ഒക്കെ ഇട്ട് അലക്കി. കീറിയ പാന്റും കാലിനൊക്കെ രോഗം വന്ന ആളുകള്‍ ഇടുന്ന രീതിയിലുള്ള ചെരുപ്പും ഇട്ട് സെറ്റില്‍ ചെന്നിട്ട് എന്നെ ആരും അറിയുന്നില്ല. പ്രൊഡ്യൂസറും, റൈറ്ററും, ഡയറക്ടറും വന്ന് കണ്ടപ്പോള്‍ പ്രൊഡ്യൂസര്‍ സമ്മതിക്കില്ല. ഇങ്ങനെയൊരാളെയല്ല ബുക്ക് ചെയ്തത് എന്നൊക്കെ പറഞ്ഞു. കെആര്‍ജി എന്ന നല്ല മനുഷ്യനോട് ഞാന്‍ പറഞ്ഞു( അദ്ദേഹം മരിച്ചുപോയി), ഈ സിനിമ ഓടിയില്ലെങ്കില്‍ അടുത്ത പടം ഫ്രീ ആയി അഭിനയിക്കാം എന്ന് പറഞ്ഞു. എന്റോന്‍ (എന്റെ മോന്‍) അങ്ങനെ പറഞ്ഞാന്‍ ഞാന്‍ സമ്മതിക്കില്ല, പൈസ ഒന്നും തരണ്ട എന്റോന്‍ ഇഷ്ടമാണെങ്കില്‍ ചെയ്തോട്ടെ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്”-മമ്മൂട്ടി പറയുന്നു.

8-9 വയസുള്ളപ്പോള്‍ തന്നെ സിനിമയില്‍ വരാന്‍ ആഗ്രഹിച്ചു. ഒരു തരം ഭ്രമവും ഭ്രാന്തുമൊക്കെ ആയിരുന്നു സിനിമ. ഒരു സുപ്രഭാതത്തില്‍ വഴിയെ പോയ എന്നെ പിടിച്ച് സിനിമയില്‍ അഭിനയിപ്പിച്ച് സൂപ്പര്‍ സ്റ്റാറോ നടനോ ആക്കിയതല്ല. വലിയ നടനാകാന്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും ഒരു നടനാകാന്‍ ആഗ്രഹിച്ചു. ഇപ്പോഴും എന്റെ ആഗ്രഹം സഫലീകരിച്ചിട്ടില്ല. കാരണം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയല്ലേ. നടനായാല്‍ അപ്പോള്‍ അഭിനയം നിര്‍ത്തണ്ടേ.., അഭിനയിച്ചുകൊണ്ടേ ഇരിക്കുകയാണ്. താരം കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment