തിരുവനന്തപുരം: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതായ ഗുരുതര ആരോപണം നിലനില്‍ക്കെ ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്റേതാണ് സര്‍ക്കുലര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കു മുമ്പ് വിവരങ്ങള്‍ നല്‍കണം. എസ്.പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.
എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് കീഴുദ്യോഗസ്ഥരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് സുധേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണനാണ് അധിക ചുമതല. സുധേഷ് കുമാറിന് പുതിയ പദവി ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം, സുധേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടുപണികള്‍ ചെയ്യിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചു. ജോലികള്‍ക്ക് തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ നല്‍കാന്‍ എ.ഡി.ജി.പി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ മടക്കി അയക്കാന്‍ തുടങ്ങിയതായാണ് വിവരം. ക്യാംപ് ഫോളോവേഴ്സിന്റെ കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തിരക്കിട്ട നീക്കം.
Leave a Comment