എന്നെയോ എന്റെ സിനിമയെയോ വാപ്പച്ചി ഇന്നേവരെ പ്രമോട്ട് ചെയ്തിട്ടില്ല; തരണ്‍ ആദര്‍ശിന് മറുപടിയുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖറിന്റെ ഹിന്ദി അരങ്ങേറ്റ സിനിമ കര്‍വാന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നായിരുന്നു തരണിന്റെ ട്വീറ്റ്. എന്നാല്‍ ഇത് ചര്‍ച്ചയായതോടെ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ദുല്‍ഖര്‍.

ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്‍. എന്നെയോ എന്റെ സിനിമയെയോ വാപ്പച്ചി ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല. ആരോ മനപൂര്‍വ്വം പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തരണിന്റെ ട്വീറ്റിന് മറുപടിയായാണ് ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചത്. തൊട്ടുപിന്നാലെ തരണ്‍ തന്റെ തെറ്റുതിരുത്തി രംഗത്തുവന്നു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. അത് റൂണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു തെറ്റുതിരുത്തിയതില്‍ നന്ദി തരണ്‍ ട്വിറ്ററില്‍ കുറിച്ചു.

റോഡ് മൂവി ഗണത്തില്‍ പെട്ട കര്‍വാനില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥില പാര്‍ക്കറാണ് ചിത്രത്തിലെ നായിക.ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം.

pathram desk 1:
Leave a Comment