അടിമാലിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തു മരിച്ചു

അടിമാലി: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തുമരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് വെള്ളത്തൂവല്‍- കൊന്നത്തടി റോഡിലാണ് സംഭവം. പൊന്‍മുടി കോലത്ത് ബേബി മാത്യു (52) ആണ് മരിച്ചത്. പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെ.എം.ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

യാത്രയ്ക്കിടെ ജീപ്പിന് തീപിടിച്ചെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. എന്നാല്‍ ജീപ്പ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരുന്ന നിലയിലാണ് കാണപ്പെട്ടതെന്നും പൊലീസ് പറയുന്നു. വാഹനത്തില്‍നിന്ന് വലിയ ശബ്ദം ഉയര്‍ന്നതായും ജീപ്പില്‍ പൂര്‍ണമായും ആളിക്കത്തിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു. തീപിടിച്ച വാഹനത്തില്‍ ഒരാള്‍ ഉള്ളതായി പിന്നീടാണ് നാട്ടുകാര്‍ അറിയുന്നത്.

തീപിടിക്കാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമല്ല. വീട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വാങ്ങിയ ഇന്ധനം വാഹനത്തില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

pathram desk 1:
Leave a Comment