പ്രണബിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് ശിവസേന; തൊട്ടുപിന്നാലെ പ്രണബിന്റെ മകളുടെ മറുപടി

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരേ ഗുരുതര ആരോപണവുമായി ശിവസേന. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ശിവസനേ ആരോപിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പ്രണബിനെ പാര്‍ട്ടിയോട് അടുപ്പിച്ചുള്ള ആര്‍എസ്എസ് നീക്കമെന്നും ശിവസേന ആരോപിച്ചു. ഈ ആരോപണത്തിന് തൊട്ടുപിന്നാലെ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മറുപടിയും നല്‍കി.

‘നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് 2014ലേതു പോലെ ഒരു വിജയം അസാധ്യമാണ്. അന്ന് ലഭിച്ച 282ല്‍ 110 സീറ്റ് പോലും അടുത്ത തിരഞ്ഞെടുപ്പില്‍ കിട്ടിയെന്ന് വരില്ല. ഇതു മുന്നില്‍ക്കണ്ടാണ് പ്രണബ് മുഖര്‍ജിയോട് ആര്‍എസ്എസ് അടുക്കുന്നത്. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ അവതരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.’ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റുചെയ്തു.

തൊട്ടുപിന്നാലെ, പ്രണബിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ ഈ ആരോപണത്തിനെതിരെ രംഗത്തെത്തി. സഞ്ജയ് റാവത്തിന്റെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു ശര്‍മ്മിഷ്ഠയുടെ ട്വീറ്റ്. ‘മിസ്റ്റര്‍ റാവത്ത്, ഇന്ത്യന്‍ രാഷ്ട്രപതിയായി വിരമിച്ച എന്റെ അച്ഛന്‍ ഇനി സജീവരാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ പോകുന്നില്ല’ എന്നായിരുന്നു ട്വീറ്റ്.

ശര്‍മ്മിഷ്ഠയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത പ്രണബിന്റെ വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ അച്ഛനിപ്പോള്‍ തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ശര്‍മ്മിഷ്ഠ പ്രതികരിച്ചിരുന്നു.

pathram:
Leave a Comment