എടപ്പാള്‍ തീയറ്റര്‍ പീഡനം അന്വേഷണം ക്രൈം ബ്രാഞ്ചിന്, ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഉത്തരവിറങ്ങി. പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ സ്ഥലംമാറ്റി.

തീയറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തതു സംബന്ധിച്ച തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിവൈഎസ്പിയുടെ അറിവോടെയാണ് അറസ്റ്റെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ നടപടി എന്നാണ് അറിയുന്നത്. പൊലീസ് ആസ്ഥാനത്തേക്കാണ് ഷാജി വര്‍ഗീസിനെ മാറ്റിയിരിക്കുന്നത്.

തീയറ്റര്‍ ഉടമയുടെ അറസ്റ്റ് ഒഴിവാക്കാനാവാത്തത് ആണെന്നായിരുന്നു ഡിവൈഎസ്പി, വിവാദത്തിനു ശേഷം നല്‍കിയ വിശദീകരണം. തീയറ്റര്‍ ഉടമ സതീഷ് പീഡനവിവരം യഥാ സമയം അധികാരികളെ അറിയിച്ചില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഡിവൈഎസ്പിയുടെ വാദം. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും ഡിവൈഎസ്പി പറഞ്ഞിരുന്നു. ഈ രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

pathram desk 2:
Leave a Comment