നിപ്പ: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി; പന്ത്രണ്ട് മുതല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടക്കും

തിരുവനന്തപുരം: നിപ്പ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആണ് നോട്ടീസ് നല്‍കിയത്. വിഷയത്തിന്റെ ഗൗരവം അനുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

പന്ത്രണ്ട് മുതല്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഈ നിയമസഭ ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത്.

പുതുതായി ആര്‍ക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്നും നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം നടന്നിരുന്നു. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.

നിരീക്ഷണം ജൂണ്‍ 30 വരെ തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടമെന്നും ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

pathram desk 1:
Leave a Comment